സൗജന്യ കിറ്റ് ദുരുപയോഗം; റേഷൻ വ്യാപാരികൾക്കെതിരെ നടപടി

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യക്കിറ്റ് റേഷൻ വ്യാപാരികൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ. തുടർന്ന് റേഷൻ വ്യാപാരികൾക്കെതിരെ നടപടിയെടുക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി.ആദ്യഘട്ടത്തിൽ മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന നെടുമങ്ങാട് താലൂക്കിലെ 53 റേഷൻ വ്യാപാരികളിൽ നിന്ന് 74,000 രൂപ പിഴയീടാക്കാൻ ഉത്തരവായി.

ദുരുപയോഗംചെയ്ത ഓരോ കിറ്റിനും 1000 രൂപ ഈടാക്കാനാണ് നിർദേശം. 1000 മുതൽ 4000 രൂപവരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഓരോ താലൂക്കിലും ഇത്തരത്തിൽ കണക്കുകൾ ശേഖരിച്ചുവരികയാണ്. വരുംദിവസങ്ങളിൽ കൂടുതൽ നടപടിയുണ്ടാകും. പിഴത്തുക കഴിഞ്ഞമാസത്തെ കമീഷൻ തുകയിൽനിന്ന് കുറവ് വരുത്തും. കോവിഡ് കാലത്ത് വിതരണംചെയ്ത 11 മാസത്തെ കിറ്റിന്‍റെ കമീഷൻ മാർച്ച് 31നകം കൊടുത്തുതീർക്കണമെന്ന ഹൈകോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

സപ്ലൈകോയിൽനിന്ന് റേഷൻകടകളിലേക്ക് നൽകിയ കിറ്റുകളുടെ എണ്ണം, കാർഡുടമകൾക്ക് വിതരണം ചെയ്തവ, തിരികെ ലഭിച്ച കിറ്റുകളുടെ എണ്ണം എന്നിവ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതുസംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫിസർമാർ ഡിപ്പോ ലൈസൻസിമാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തൃപ്തികരമായ മറുപടി നൽകാത്തവർക്കെതിരെയാണ് നടപടി. ഭക്ഷ്യവകുപ്പിന്‍റേത് പ്രതികാരനടപടിയാണെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ‘മാധ്യമ’ത്തോട് പറഞ്ഞു.

പല കടകളിലും കിറ്റ് വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടന്ന് നശിക്കുന്നതായി അന്ന് തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. അവ കൃത്യസമയത്ത് കടകളിലെത്തി ശേഖരിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. അതിനാൽ കിറ്റുകൾ പലതും നശിച്ചെന്നും മുഹമ്മദാലി പറഞ്ഞു.Free kit abuse; Action against ration traders

Tags:    
News Summary - Free kit abuse; Action against ration traders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.