കൊല്ലം: ബഹ്റൈനിൽ വിവിധ സ്ഥാപനങ്ങളെ ട്രേഡിങ്ങിന്റെ മറവിൽ ചെക്ക് നൽകി കബളിപ്പിച്ച് കോടികൾ തട്ടി കേരളത്തിലേക്ക് കടന്ന തിരുവനന്തപുരം സ്വദേശി അടക്കമുള്ളവർക്കെതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
ബഹ്റൈനിൽ പ്രവർത്തിക്കുന്ന ശക്തികുളങ്ങര സ്വദേശിനി ഷാനുജാന്‍റെ പരാതിയിൽ ചവറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശി അമർ സലിം, കൊല്ലം തേവലക്കര സ്വദേശി സ്റ്റെഫി സ്റ്റീഫൻ, കാസർകോട് സ്വദേശികളായ മുഹമ്മദ് റഫീക്ക്, മുഹമ്മദ് ഉനൈസ് എന്നിവർക്കെതിരെയാണ് കേസ്. തട്ടിപ്പ് വിവരം ‘ഗൾഫ് മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്.
ബി.എൻ.എസ് 318 (4) പ്രകാരം വഞ്ചനക്കും 111 വകുപ്പ് പ്രകാരം സംഘടിത കുറ്റകൃത്യത്തിനുമാണ് കേസ്. പരാതിക്കാരി ബഹ്റൈനിൽ നടത്തിവന്ന ഗോൾഡൻ വിങ്സ് ട്രാവൽസ് ആൻഡ് ടൂർസ് എന്ന സ്ഥാപനത്തിൽനിന്ന് 14 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് കൈക്കലാക്കിയശേഷം തുകക്ക് ചെക്ക് നൽകിയിരുന്നു. ചെക്ക് ബാങ്കിൽ സമർപ്പിച്ചപ്പോൾ പണം കിട്ടാതെ വന്നതോടെയാണ് ബഹ്റൈനിൽ പ്രതികൾ വ്യാപകതട്ടിപ്പ് നടത്തിയെന്ന് മനസ്സിലായത്.അഞ്ച് ലക്ഷം ദിനാർ വരുന്ന തുക വിവിധ സ്ഥാപനങ്ങളിൽനിന്ന് പ്രതികൾ തട്ടിയെടുത്ത് കേരളത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ആധുനിക സൗകര്യങ്ങളുള്ള ഓഫിസും ജീവനക്കാരുമടങ്ങുന്ന അന്തരീക്ഷമൊരുക്കിയ ശേഷമായിരുന്നു തട്ടിപ്പ്. ജനറൽ ട്രേഡിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി എന്ന നിലയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നു.
ആദ്യ തവണകളിൽ പണം കൃത്യമായി നൽകുകയും ചെക്കുകൾ കൃത്യമായി പാസാക്കുകയും ചെയ്തതോടെ, കൂടുതൽ തുകയുടെ സാധനങ്ങൾ കടമായി നൽകാൻ വ്യാപാരികൾ തയാറായി. അത്തരം കച്ചവടക്കാരിൽനിന്ന് ഭീമമായ തുക തട്ടിയെടുക്കുന്നതായിരുന്നു പ്രതികളുടെ രീതി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധ്യതയൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.