തേഞ്ഞിപ്പലം: ലോക്ഡൗൺ സമയത്ത് കാലിക്കറ്റ് സർവകലാശാല പ്രഖ്യാപിച്ച പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുക, കാലിക്കറ്റ് സർവകലാശാല യൂനിവേഴ്‌സിറ്റി എൻജിനീയറിങ് കോളജിലെ ഫീസ് വർധനവ് പിൻവലിക്കുക,
യൂണിവേഴ്‌സിറ്റിയിലെ നിയമന അട്ടിമറി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി ഫ്രറ്റേണിറ്റി സർവകലാശാല കാര്യാലയം ഉപരോധിച്ചു.
യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ ലോക്ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സമരം. ഉച്ചയോടെ ആരംഭിച്ച സമരം ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കാലിക്കറ്റ് സർവകലാശാല കൺവീനർ കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥി ദ്രോഹ നടപടികൾ ലോക്ഡൗണിന്‍റെ മറവിൽ നടപ്പാക്കാനാണ് സർവകലാശാല ശ്രമിക്കുന്നത്. ഇടത് സിൻഡിക്കേറ്റിന്‍റെ നിയമന അട്ടിമറി ഇപ്പോഴും തുടരുന്നത് കേരളീയ സമൂഹം ഗൗരവത്തിൽ കാണണമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സമര നേതാക്കളെ വൈസ് ചാൻസലർ അനിൽ വള്ളത്തോൾ ചർച്ചക്ക് വിളിച്ചു. പൊതുഗതാഗത സംവിധാനം ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രമേ പരീക്ഷ നടത്തുകയുള്ളൂ എന്ന് വൈസ് ചാൻസലർ ഫ്രറ്റേണിറ്റി നേതാക്കൾക്ക് ഉറപ്പ് നൽകി. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കാലിക്കറ്റ് സർവകലാശാല കമ്മറ്റി അംഗം ഹാദി ഹസ്സൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.