കോഴിക്കോട്: കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിനായി സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റ് തള്ളിക്കൊണ്ട് സംഘ്പരിവാർ അധ്യാപക സംഘടന നേതാവായ ടി. സജിതയെ നിയമിച്ച ഗവർണറുടെ നടപടി ജനാധിപത്യ, ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ പറഞ്ഞു.
ഗവർണറുടെ ഇത്തരം നീക്കങ്ങളെ യു.ഡി.എഫ് സർക്കാർ തുറന്നെതിർക്കണം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്ന് സംഘ്പരിവാർ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഗവർണർ ജനാധിപത്യ മൂല്യങ്ങളെയും ഫെഡറൽ സംവിധാനത്തിന്റെ താല്പര്യങ്ങളേയുമാണ് അട്ടിമറിക്കുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തുടർന്ന അതേ കടന്നുകയറ്റമാണ് ഗവർണർ ആവർത്തിക്കുന്നത്.
ബി.ജെ.പിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ആർ.എസ്.എസ്സിന്റെ ചട്ടുകങ്ങളായാണ് ഗവർണർമാർ പ്രവർത്തിക്കുന്നത്. രാജേന്ദ്ര ആർലേക്കറും ആ പ്രവർത്തനമാണ് തുടരുന്നത്.
കേരളത്തിലെ സർവ്വകലാശാലകളുടെ വൈസ് ചാൻസലർ ആകാനുള്ള യോഗ്യത ആർ.എസ്.എസിന്റെ കാക്കി നിക്കറും ധരിച്ച് കുറുവടിയും ചുഴറ്റി ധ്വജ പ്രണാമം മുഴക്കലല്ലെന്ന് ആർലേക്കർ മനസ്സിലാക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവൽക്കരിക്കാനുള്ള ഗവർണറുടെ അമിതാധികാര പ്രയോഗത്തിനെതിരിൽ വിദ്യാർഥികളെയും ജനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള ശക്തമായ പ്രതിരോധത്തിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും നഈം ഗഫൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.