വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചിന് 48 വർഷം കഠിനതടവ്; നാലാമത്തെ കേസിലും കുറ്റക്കാരൻ

തിരുവനന്തപുരം: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസുകളിൽ ക്രിക്കറ്റ് കോച്ചിന് ശിക്ഷാവിധി. ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലാണ് വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം. (40) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. മൂന്നാമത്തെ കേസിൽ പ്രതിക്ക് 48 വർഷം കഠിനതടവും 79,000 രൂപ പിഴയുമാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള വിധിച്ചത്.

ഇതിനു പുറമെ നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. നിലവിൽ ആദ്യ രണ്ട് കേസുകളിൽ ലഭിച്ച ശിക്ഷാ കാലാവധി പൂർത്തിയായതിന് ശേഷമേ ഈ കേസിലെ ശിക്ഷാ കാലാവധി ആരംഭിക്കൂ എന്ന് വിധിന്യായത്തിൽ വ്യക്തമാക്കുന്നു. ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 427 പ്രകാരം ഓരോ കേസുകളിലെയും ശിക്ഷാ കാലാവധി പ്രത്യേകം നടപ്പിലാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2018-ൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അതിജീവിത ക്രിക്കറ്റ് കോച്ചിങ്ങിനായി പ്രതിയുടെ കീഴിലെത്തുന്നത്. പരിശീലനത്തിന്റെ മറവിൽ പ്രതി കുട്ടിയെ നെറ്റ്‌സിലും ജിമ്മിലും വിവിധ ബാത്ത്റൂമുകളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രതി പകർത്തിയിട്ടുണ്ട്. വീട്ടിലെ നെറ്റ്‌സിൽ വെച്ചും ഇയാൾ പീഡനം തുടർന്നു. ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സംഭവം പുറത്തു പറയാൻ കുട്ടി ഭയന്നത്. പീഡനം സഹിക്കാനാവാതെ 2021-ൽ കുട്ടി പരിശീലനം അവസാനിപ്പിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറുകയായിരുന്നു.

വർഷങ്ങൾക്കിപ്പുറം 2024 മാർച്ച് 28-ന് തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ വെച്ച് അപ്രതീക്ഷിതമായി പ്രതിയെ കണ്ടതോടെ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ബഹളം വെക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഈ കുട്ടിയുടെ ധൈര്യത്തോടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ കുട്ടികൾ പരാതിയുമായി മുന്നോട്ടുവരികയായിരുന്നു.

Tags:    
News Summary - Cricket coach sentenced to 48 years of rigorous imprisonment in student molestation case; found guilty in the fourth case as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.