കലാച്ചി-സിൻ വിവാദം; ഹരിത സാവിത്രിക്ക് ലീഗൽ നോട്ടീസ് അയച്ച് കെ.ആർ. മീര

തിരുവനന്തപുരം: കലാച്ചി -സിൻ നോവലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ ഹരിത സാവിത്രിക്ക് ലീഗൽ നോട്ടീസ് അയച്ച് എഴുത്തുകാരി കെ.ആർ. മീര. നിയമ നടപടികൾക്ക് മുന്നോടിയായി അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് ലീഗൽ നോട്ടീസ് അയച്ചതായും നോട്ടീസിൽ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ.ആർ. മീര സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പിൽ തന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണെന്ന് ബോധ്യപ്പെട്ടു. ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ തന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായി ബോധ്യപ്പെട്ടതായും കെ.ആർ. മീര കുറിപ്പിൽ പങ്കുവെച്ചു. ലീഗല്‍ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങള്‍ അറിയിക്കാമെന്നും കെ.ആര്‍. മീര കുറിപ്പില്‍ വ്യക്തമാക്കി.

കെ.ആർ. മീരയുടെ കുറിപ്പ്

എന്റെ പ്രിയ വായനക്കാരുടെയും എന്നെ സ്നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും അറിവിലേക്ക്: എന്റെ ‘കലാച്ചി’ എന്ന നോവലിനെയും ‘കലാച്ചി’യുടെ രചയിതാവ് എന്ന നിലയിൽ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പിൽ എന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ എന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്.

ഈ സാഹചര്യത്തിൽ, ഇതുസംബന്ധിച്ചുള്ള നിയമ നടപടികൾക്കു മുന്നോടിയായി അഡ്വ. എൻ.കെ ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗൽ നോട്ടീസ് അയച്ചുകഴിഞ്ഞു. നോട്ടീസിൽ ഞാൻ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികൾ, നോട്ടീസിൽ രേഖപ്പെടുത്തിയ തീയതിക്കകം ശ്രീമതി ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുക മാത്രമേ എനിക്കു മാർഗമുള്ളൂ.

ലീഗൽ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങൾ അറിയിക്കാം.

സ്നേഹത്തോടെ, കെ.ആർ. മീര.

കെ.ആര്‍. മീരയുടെ കലാച്ചിയുടെയും ഹരിത സാവിത്രിയുടെ സിന്നും തമ്മില്‍ ഉള്ളടക്കത്തില്‍ സാമ്യമുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം. 2022ലായിരുന്നു ഹരിതയുടെ സിന്‍ പുറത്തിറങ്ങിയത്. മീരയുടെ കലാച്ചി പുറത്തിറങ്ങിയത് 2025ലായിരുന്നു. കെ.ആർ. മീരയുടെ കലാച്ചി 2020 നവംബർ 16 മുതൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു. കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയില്‍ പോകുന്ന യുവതികളുടെ പോരാട്ടമായിരുന്നു രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം.

തന്റെ നോവലായ ‘സിന്നി’ന്റെ പ്രമേയവുമായി മീരയുടെ ‘കല്ലാച്ചി’ക്ക് സാമ്യമുണ്ടെന്ന ആരോപണവുമായി ഹരിത സാവിത്രി രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ഹരിത എഴുതിയ പ്രതികരണത്തിൽ ഇങ്ങനെ പറയുന്നു, ‘ഈ ത്രെഡിന് സിൻ എന്ന എന്റെ നോവലിന്റെതുമായി വളരെയധികം സാമ്യം അനുഭവപ്പെട്ടു. ഇതിനിടയിൽ രണ്ടു നോവലുകളിലും വ്യത്യസ്തമായ പല കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. കഥകൾ, ഉപകഥകൾ… പല അടരുകളുള്ള പുസ്തകങ്ങളാണ് രണ്ടും. എന്റെ പുസ്തകം ആരും കോപ്പി പേസ്റ്റ് ചെയ്തിട്ടില്ല. പക്ഷെ ഈ പറഞ്ഞ അടിസ്ഥാനപരമായ സാമ്യങ്ങൾ നില നിൽക്കുന്നു’.

ഇതിന് മറുപടിയുമായി കെ.ആർ. മീരയും രംഗത്തെത്തിയിരുന്നു. ‘കസഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013ൽ മനസ്സിൽ വേരുപിടിച്ചതാണു ‘കലാച്ചി’ എന്ന നോവലിന്റെ കഥാബീജം. 2019ൽ ഞാൻ ‘കലാച്ചി’ എഴുതിത്തുടങ്ങുകയും 2020 നവംബർ 16 മുതൽ ‘ട്രൂ കോപ്പി തിങ്ക് ‘വെബ് സീനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ കലാച്ചി’ എന്ന ശീർഷകത്തിൽനിന്നു തന്നെ, കഥാഗതി ഏതു രാജ്യത്തേക്കാണു സഞ്ചരിക്കുന്നതെന്നു വ്യക്തമാണ്. 2020 നവംബർ പതിനാറിനു പ്രസിദ്ധീകരിച്ച ആദ്യ അധ്യായത്തിൽ, കലാച്ചിയിൽ ജയിലിലായ ഗവേഷകനായ ഇജാസ് അലിയെത്തേടി യാത്ര പുറപ്പെടാൻ തീരുമാനിക്കുന്ന, ഡോ. ഫിദ മുഹമ്മദിനെ കാത്തിരിക്കുന്ന നീണ്ടതും മായികവുമായ യാത്രയെ കേന്ദ്രീകരിക്കുന്ന പൂർണമായ ഇതിവൃത്തം വ്യക്തമാക്കിയിട്ടുമുണ്ട്. 2019ലെ പൌരത്വപ്രക്ഷോഭവും തുടർന്നു വന്ന മഹാമാരിയുമാണു ‘കലാച്ചി’യുടെ പശ്ചാത്തലം’. ‘2025ലാണ് ‘കലാച്ചി’ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, 2020 നവംബർ 16 മുതൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂർവ്വം പലരും ഒളിച്ചുവയ്ക്കുന്നു. 2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവൽ, 2022ൽ മാത്രം പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽനിന്നു ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കുക. സംശയമുള്ളവർ രണ്ടു നോവലുകളുടെയും പ്രമേയവും കാലഘട്ടവും ആഖ്യാനരീതിയും പാത്രസൃഷ്ടിയും കഥ നടക്കുന്ന രാജ്യങ്ങളും താരതമ്യം ചെയ്തു വിലയിരുത്തുക’. എന്നാണ് കെ.ആർ. മീര ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ ട്രൂ കോപ്പിയിൽ കല്ലാച്ചി പ്രസിദ്ധീകരിച്ചതിന്‍റെ ലിങ്കും ഫേസ്ബുക് പോസ്റ്റും കെ.ആർ. മീര ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

Tags:    
News Summary - kalachi zin plagiarism controversy KR Meera has sent a legal notice to Haritha Savithri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-21 07:31 GMT
access_time 2026-06-21 04:52 GMT