കോഴിക്കോട്: ‘വിദ്വേഷ നാവുകളോട് നോ, സാഹോദര്യ മുന്നേറ്റത്തോട് യെസ്’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി ഈ മാസം 11ന് കോഴിക്കോട്ട് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് വെള്ളയിൽ നിന്നാരംഭിക്കുന്ന വിദ്യാർഥി, യുവജന റാലി കുറ്റിച്ചിറ ഓപൺ സ്പേസിൽ സമാപിക്കും.
തുടർന്ന് പൊതുസമ്മേളനം വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ, രാം നാരായൺ ഭാഗേലിന്റെ സഹോദരൻ ശശികാന്ത് ഭാഗേൽ, എഴുത്തുകാരൻ കെ.കെ. ബാബുരാജ്, സാമൂഹിക പ്രവർത്തക അംബിക, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ, ആക്ടിവിസ്റ്റ് അഡ്വ. അമീൻ ഹസ്സൻ, വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.കെ. മാധവൻ എന്നിവർ സംസാരിക്കും.
സംഘ്പരിവാർ ഉയർത്തുന്ന ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരായി കേരളത്തിലെ സി.പി.എം നേതാക്കൾ മാറിയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്റ് നേതാക്കൾ കുറ്റപ്പെടുത്തി. ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലിരുന്ന് നിരന്തരം വർഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെ ഉടൻ തുറങ്കിലടക്കണം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അമീൻ റിയാസ്, ലബീബ് കായക്കൊടി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇജാസ് ഇഖ്ബാൽ, കോഴിക്കോട് ജില്ല പ്രസിഡന്റ് ആയിഷ മന്ന എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.