നാല് വർഷ ബിരുദം, കോളജുകൾക്ക് സ്വയംഭരണ പദവി​; ചർച്ചകൾക്ക് തുടക്കം

തിരുവനന്തപുരം: ബിരുദ കോഴ്സുകളുടെ ദൈർഘ്യം നാല് വർഷമാക്കാനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശം നടപ്പാക്കുന്നതിന് സാധ്യത തേടി സംസ്ഥാന സർക്കാർ.

ഇതുൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ നയത്തിൽ നിർദേശിച്ച കാര്യങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും ചർച്ച തുടങ്ങി. നയത്തിനനുസൃതമായ കാര്യങ്ങൾ നടപ്പാക്കാൻ സർവകലാശാലകൾക്ക് ഉൾപ്പെടെ യു.ജി.സിയിൽനിന്ന് നിർദേശങ്ങൾ ലഭിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ തീരുമാനമെടുക്കാത്തതിനാൽ സർവകലാശാലകൾക്ക് മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽകൂടിയാണ് സർക്കാർ ചർച്ചക്ക് തുടക്കമിട്ടത്.

ആദ്യഘട്ടം സർവകലാശാല വൈസ് ചാൻസലർമാരെ പങ്കെടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ശിൽപശാലകൾ തുടങ്ങി.

ത്രിവത്സര കോഴ്സിന് പകരം നാല് വർഷം ദൈർഘ്യമുള്ള ബിരുദ കോഴ്സാണ് ദേശീയനയത്തിൽ നിർദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം വിദ്യാർഥിക്ക് ഒന്നോ രണ്ടോ മൂന്നോ വർഷം പൂർത്തിയാകുമ്പോൾ കോഴ്സ് അവസാനിപ്പിക്കാനും തിരികെ വരാനും (മൾട്ടിപ്പിൾ എൻട്രി ആൻഡ് എക്സിറ്റ്) സൗകര്യമുണ്ട്. പൂർത്തിയാക്കുന്ന വർഷത്തിനനുസരിച്ച് ഡിപ്ലോമ, ഡിഗ്രി, റിസർച്ച് ഡിഗ്രി എന്നിങ്ങനെ ബിരുദങ്ങൾ നൽകുന്നതാണ് കോഴ്സ് ഘടന. ഏതെങ്കിലും സ്ട്രീമിൽ പഠിക്കുന്ന വിദ്യാർഥിക്ക് മറ്റൊരു സ്ട്രീമിലുള്ള വിഷയം തെരഞ്ഞെടുത്ത് പഠിക്കാൻ അവസരമൊരുക്കുന്ന ബഹുവൈജ്ഞാനിക/അന്തർവൈജ്ഞാനിക കോഴ്സുകൾ തുടങ്ങുന്നത് സംബന്ധിച്ചും ചർച്ച തുടങ്ങി. സയൻസ് പഠിക്കുന്ന വിദ്യാർഥിക്ക് താൽപര്യമുള്ള മാനവിക വിഷയങ്ങളിലെ നിശ്ചിത പഠനമേഖല തെരഞ്ഞെടുത്ത് പഠിക്കാൻ വഴിയൊരുക്കുന്നതാണ് ഈ നിർദേശം. അഫിലിയേറ്റഡ് കോളജുകളിൽ അർഹതയുള്ളവയെ സ്വയംഭരണ പദവിയിലേക്ക് ഉയർത്തണമെന്ന നിർദേശവും ചർച്ച ചെയ്യുന്നുണ്ട്. നയത്തിലെ പ്രശ്നങ്ങളും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടുന്നതിനൊപ്പം കേരളത്തിന് നടപ്പാക്കാൻ സാധ്യമാകുന്ന നിർദേശങ്ങളിൽ നിലപാട് സ്വീകരിക്കുന്നതും ചർച്ചയുടെ ലക്ഷ്യമാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിലെ ചില നിർദേശങ്ങൾ കുട്ടികൾക്ക് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സമൂഹനീതിയെ ചോദ്യംചെയ്യുന്ന ചില കാര്യങ്ങൾ രേഖയിൽ അന്തർലീനമാണ്. അത് കൃത്യമായി മനസ്സിലാക്കി മാത്രമേ പ്രായോഗിക കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാനാകൂവെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമീഷന്‍റെ അന്തിമ റിപ്പോർട്ടുകൂടി പരിഗണിച്ചാകും ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുക. 

Tags:    
News Summary - Four-year degree, autonomous status for colleges; Start of discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.