സംസ്ഥാനത്ത് നാലുപേർക്ക് സൂര്യാതപമേറ്റു, ഇന്നും നാളെയും താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേർക്ക് സൂര്യാതപമേറ്റു. പാലക്കാട് ജില്ലയിൽ ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതാപമേറ്റത്.

ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്. ജയശ്രീ വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് സൂര്യതപമേറ്റത്. ഇരുവരു ചികിത്സ തേടി. ഇടുക്കി കട്ടപ്പനയിലും ഒരാൾക്ക് സൂര്യതാപമേറ്റു. 20 ഏക്കർ സ്വദേശി താഴത്തുവീട്ടിൽ അജീഷിനാണ് പൊള്ളലേറ്റത്. തടിപ്പണി ചെയ്യുന്നതിനിടെയാണ് സംഭവം. അജീഷ് ആശുപത്രിയിൽ ചികിത്സ തേടി.

കൊല്ലം കൊട്ടിയം സ്വദേശി നിഹാൽ നജീബിനും സൂര്യാതപമേറ്റു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് പൊള്ളലേറ്റത്. സംസ്ഥാനത്ത് രണ്ടുദിവസം ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോന്നിയിലാണ് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. യു.വി ഇന്‍ഡെക്‌സ് ഇവിടെ ഒമ്പത് രേഖപ്പെടുത്തിയപ്പോള്‍ കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നിവിടങ്ങളില്‍ എട്ട് രേഖപ്പെടുത്തി.

അതീവ ജാഗ്രത തുടരണമെന്നും പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

എന്താണ് സൂര്യാതപം?

ശരീരത്തിന്‍റെ താപനിയന്ത്രണ വ്യവസ്ഥ നിർവീര്യമാകുന്ന അപകടകരമായ അവസ്ഥയാണ് സൂര്യാഘാതം. വെയിലിൽ അമിതമായി വ്യായാമമോ കഠിനാധ്വാനമോ ചെയ്യുമ്പോൾ ശരീര താപനില ഉയരുകയും ശരീരത്തിന്‍റെ താപനിയന്ത്രണ സംവിധാനം അവതാളത്തിലാകുകയും ചെയ്യുന്നു.

ഇത് ശരീര താപനില നിയന്ത്രണാതീതമായി ഉയരാനും അവയവ വ്യവസ്ഥകളുടെ പ്രവർത്തനം ദ്രുതഗതിയിൽ അവതാളത്തിലാകാനുമിടയാകുന്നു. ഇതിനെ ആയാസകരമായ സൂര്യാഘാതം (Exertional Heat Stroke) എന്ന് പറയുന്നു. സ്വതവേ ആരോഗ്യപൂർണരായ ചെറുപ്പക്കാരിലാണ് കൂടുതലും കാണപ്പെടുന്നത്.

പെട്ടെന്നുള്ള ഈ ആഘാതം ശരീരത്തിലെ പേശികൾക്ക് വിഘടനം സംഭവിക്കാനും (Rhabdomyolysis) വൃക്കകളുടെ പ്രവർത്തനം നിലക്കാനും (Renal Failure) വരെ കാരണമാകുന്നു. കുട്ടികളിലും, ആരോഗ്യപ്രശ്നങ്ങളും പല മരുന്നുകളും മറ്റും കഴിച്ചുകൊണ്ടിരിക്കുന്ന വയോധികരിലും വ്യായാമമോ മറ്റോ ഇല്ലാതെത്തന്നെ ഉയർന്ന അന്തരീക്ഷോഷ്മാവുമൂലം സൂര്യാഘാതം സംഭവിക്കാം. ഇതിനെ സാർവത്രിക സൂര്യാഘാതം (Classic Heat Stroke) എന്ന് വിളിക്കുന്നു. ഉയർന്ന ശ്വാസോച്ഛ്വാസം, കൂടിയ ഹൃദയമിടിപ്പ്, കുറഞ്ഞ രക്തസമ്മർദം, സ്വബോധം നഷ്ടപ്പെടൽ, ഉയർന്ന ശരീരോഷ്മാവ് തുടങ്ങിയവയാണ് സൂര്യാഘാതത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ.

സൂര്യാഘാതം ബാധിച്ചയാൾക്ക് ദ്രുതഗതിയിൽ ചികിത്സ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രഥമ ശുശ്രൂഷ പരമപ്രധാനമാണ്. ഉടൻ അടുത്തുള്ള മെഡിക്കൽ എമർജൻസി വിഭാഗത്തെ അറിയിക്കുക. രോഗിയെ തണലിലേക്ക് മാറ്റിക്കിടത്തുക. ശരീരം തണുപ്പിക്കാൻ തണുത്ത വെള്ളത്തിൽ കിടക്കുകയോ തണുത്ത വെള്ളത്തിൽ മുക്കിയ തുണികൊണ്ട് ശരീരം തടവുകയോ ചെയ്യുക. ഫാനോ മറ്റോ ഉപയോഗിച്ച് തണുത്ത കാറ്റ് ശരീരത്തിലേക്ക് വീശുക. എത്രയുംപെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക.

Tags:    
News Summary - Four people in the state have suffered from heatstroke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.