കോയമ്പത്തൂർ: വാൽപ്പാറയിൽ മലപ്പുറം പാങ്ങ് പാറമ്മൽ ജി.എൽ.പി സ്കൂളിലെ അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് കോയമ്പത്തൂർ എസ്.പി. പരിക്കേറ്റവരിൽ മൂന്ന് പേരെ നിലവിൽ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെയുള്ള നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റ മറ്റൊരാൾ നിലവിൽ നിരീക്ഷണത്തിലാണെന്നും ഇയാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എസ്.പി വ്യക്തമാക്കി. അപകടത്തിൽ ഒമ്പത് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടസമയത്ത് വാഹനത്തിൽ ആകെ 13 പേരാണ് ഉണ്ടായിരുന്നതെന്ന് കോയമ്പത്തൂർ എസ്.പി സ്ഥിരീകരിച്ചു. നേരത്തെ വാഹനത്തിൽ 16 പേർ ഉണ്ടായിരുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ട്രാവൽ ഏജൻസിയിൽ നിന്നുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് യാത്രക്കാരുടെ എണ്ണം 13 ആണെന്ന് ഉറപ്പിച്ചത്.
തമിഴ്‌നാട് പൊലീസും മറ്റു വകുപ്പുകളും ചേർന്ന് വേഗത്തിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തിയത്. അധികൃതർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മലപ്പുറം എസ്.പിയുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിരക്ഷാസേന, വനംവകുപ്പ് എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ടെന്നും ആശുപത്രി നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. കോയമ്പത്തൂർ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്ന് തമിഴ്‌നാട് സർക്കാർ ഉറപ്പുനൽകിയതായി മന്ത്രി അറിയിച്ചു. അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട വാർത്ത ഏറെ ദുഃഖകരമാണെന്നും സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ചിറ്റൂർ ഡിവൈ.എസ്.പി കുട്ടികൃഷ്ണൻ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.