കെ.എ. ബാഹുലേയൻ
തിരുവനന്തപുരം: ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കെ.എ. ബാഹുലേയൻ സി.പി.എമ്മിലേക്ക്. ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒ.ബി.സി മോർച്ചയെ മാത്രം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് ബാഹുലേയൻ ബി.ജെ.പി വിട്ടിരുന്നു. ഇന്ന് വൈകിട്ട് ബാഹുലേയൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കാണും.
ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറിയും, എസ്.എൻ.ഡി.പി അസിസ്റ്റൻറ് സെക്രട്ടറിയുമാണ് കെ.എ. ബാഹുലേയൻ. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ബാഹുലേയൻ രാജി പ്രഖ്യാപനം നടത്തിയത്. ‘ചതയ ദിനാഘോഷം നടത്താന്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബി.ജെ.പി വിടുന്നു’ എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക് പോസ്റ്റ്.
ഇന്ന് സി.പി.എമ്മിന്‍റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെയും മന്ത്രി വി.ശിവന്‍കുട്ടിയെയും ബാഹുലേയന്‍ കണ്ടിരുന്നു. വൈകിട്ട് എം.വി. ഗോവിന്ദനെ കണ്ട് സി.പി.എമ്മില്‍ ചേരാനുള്ള ആഗ്രഹം അറിയിക്കും. ഗുരുവിന്‍റെ ആശയങ്ങളുമായി ചേര്‍ന്ന് പോകുന്ന പ്രസ്ഥാനം സി.പി.എമ്മാണ്. അതുകൊണ്ടാണ് ഈ തീരുമാനമെടുത്തത്. ഗുരുദേവനെ ഹിന്ദു സന്യാസിയോ, ഈഴവനോ ദൈവമോ ആക്കാൻ സാധിക്കില്ല. അദ്ദേഹം തികഞ്ഞ മനുഷ്യ സ്നേഹിയാണ്. അദ്ദേഹത്തിന്റെ ദർശന വിരുദ്ധമായിട്ടുള്ള ഒരു കാര്യങ്ങളും ചെയ്യാൻ പാടില്ലെന്നും ഗുരുദേവൻ ഏതെങ്കിലും വിഭാഗത്തിന്റെ ഭാഗമല്ലെന്നും ബാഹുലേയൻ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ടി.പി. സെൻകുമാർ സമാന വിഷയത്തിൽ ബി.ജെ.പിയുടെ സംസ്ഥാന നേത്യത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഒ.ബി.സി മോര്‍ച്ചയെ പരിപാടി നടത്താന്‍ എന്തിന് ഏല്‍പ്പിച്ചുവെന്ന ചോദ്യമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സെന്‍കുമാര്‍ ഉന്നയിച്ചത്. ബി.ജെ.പിയല്ലേ പരിപാടി നടത്തേണ്ടതെന്നും ഒ.ബി.സി മോര്‍ച്ചക്കാരുടെ മാത്രമല്ലല്ലോ ഗുരുവെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു. നാം ഒരു വര്‍ഗത്തിന്‍റെ മാത്രം ആളല്ലെന്നും ജാതി ഭേദം വിട്ട് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് ഗുരുദേവന്‍ അരുളി ചെയ്തത് അറിയില്ലേ എന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.