കൊച്ചി: മലയാളികളുടെ പ്രഭാതചര്യകളിൽ പ്രിയപ്പെട്ട ഒന്നാണ് പത്രവായന. എന്നാൽ, മലയാളപത്രങ്ങൾ വായിക്കുന്നത് മലയാളിയുടെ മാത്രം കുത്തകയാണോ? അല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് കടൽ കടന്ന് ദൈവത്തിെൻറ സ്വന്തം നാട്ടിലെത്തിയ ലണ്ടൻ സ്വദേശി തോമസ് അലക്സാണ്ടർ മാഡ്ഗെ എന്ന ടോം. ഔദ്യോഗിക ആവശ്യത്തിനായി ഒരുവർഷമായി കേരളത്തിലുള്ള ഇദ്ദേഹം എല്ലാ ദിവസവും ഇംഗ്ലീഷ് പത്രത്തിനൊപ്പം മലയാളപത്രവും വായിക്കും. പലപ്പോഴും അത് ‘മാധ്യമം’തന്നെയായിരിക്കും. ‘മാധ്യമ’ത്തിലെ ലേഖനങ്ങൾ വിജ്ഞാനദായകമാണെന്ന് അദ്ദേഹം പറയുന്നു.
കഷ്ടപ്പെട്ട് പെറുക്കിപ്പെറുക്കിയാണ് വായനയെന്ന് കരുതേണ്ട. നല്ല അസ്സലായിതന്നെ ഈ സായിപ്പ് മലയാളപത്രം വായിക്കും. ഈസ്റ്റ് ലണ്ടനിലെ പോപ്ലാറിൽ അക്കൗണ്ടൻറ് ആയ ഇദ്ദേഹം ഒരു സോഫ്റ്റ്വെയർ വികസിപ്പിക്കുന്നതിനാണ് കേരളത്തിെലത്തിയത്. എറണാകുളം ബോട്ട്ജെട്ടിക്കടുത്ത് ഒരു ഹോട്ടലിൽ താമസിക്കുന്ന ടോം ഇടക്ക് നാട്ടിൽ പോയി, വൈകാതെ വീണ്ടുമെത്തും. മലയാളികളായ സുഹൃത്തുക്കളിൽനിന്നാണ് ആദ്യക്ഷരങ്ങൾ പഠിച്ചത്. പിന്നീട്, 56ാം വയസ്സിലും ഒരുകുഞ്ഞിെൻറ കൗതുകത്തോടെ ഓരോ അക്ഷരങ്ങളും വാക്കുകളും വായിക്കാൻ തുടങ്ങി. തമിഴും ബംഗാളിയും കുറച്ച് അറിയാമായിരുന്നത് പ്രയോജനപ്പെട്ടു. ആദ്യം മുഴുവനായി വായിച്ച വാക്ക് താൻ സ്ഥിരയാത്രക്ക് ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സി ബസിൽ കണ്ട എറണാകുളം എന്നതായിരുെന്നന്ന് ടോം ഓർക്കുന്നു. എല്ലാ ദിവസവും പത്രത്തിനുപുറെമ മലയാളകഥകളോ ലേഖനങ്ങളോ വായിക്കാൻ സമയം കണ്ടെത്താറുണ്ട്. മലയാളത്തിെൻറ ഇതിഹാസ സാഹിത്യകാരൻ എം.ടി. വാസുേദവൻ നായരുടെ ‘രണ്ടാമൂഴം’ ആറുമാസംകൊണ്ട് വായിച്ചുതീർത്തു.
മലയാളം പഠിക്കാൻ ലേശം ബുദ്ധിമുട്ടുണ്ടെന്ന് പറയുന്ന ടോം, ഇതുകൊണ്ടുതന്നെയാണ് മലയാളികൾക്ക് മറ്റുഭാഷകൾ എളുപ്പത്തിൽ സ്വായത്തമാക്കാനാവുന്നതെന്നും വിലയിരുത്തുന്നു. മലയാളഭാഷയും പത്രങ്ങളും മാത്രമല്ല, നമ്മുെട സ്വന്തം ആനവണ്ടിയും പച്ചപ്പും നല്ല പെടക്കണ ഫ്രഷ് മീനും ആയുർവേദ ചികിത്സയും സിനിമയും മതസൗഹാർദവും എല്ലാം കക്ഷിക്ക് ‘ശ്ശി’ പിടിച്ചിട്ടുണ്ട്. വായനയിലെ വൈദഗ്ധ്യം സംസാരത്തിൽ വന്നിട്ടില്ലെന്ന് ടോം പറയുന്നു. അധികം വൈകാതെ നന്നായി പറയാനാവുമെന്ന ആത്മവിശ്വാസമുണ്ട്. ഒപ്പം മലയാളം എഴുതാനും പഠിക്കും. ജെട്ടിക്കടുത്തുള്ള കടയിൽനിന്നാണ് എന്നും പത്രം വാങ്ങുന്നത്. കടക്കാരൻ നല്ല പിന്തുണ നൽകാറുണ്ട്. അദ്ദേഹം മാത്രമല്ല, മലയാളികളെല്ലാവരും തെൻറ ഈ ഇഷ്ടത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കൃതജ്ഞത നിറഞ്ഞ വാക്കുകളോടെ ടോം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.