കൊച്ചി: രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് യുവനേതാക്കൾ ഒന്നിച്ചപ്പോൾ ഭക്ഷണം ലഭിച്ചത് ലോക്ഡൗണിൽ കുടുങ്ങിയ അറുന്നൂറോളം പാവപ്പെട്ടവർക്ക്. കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ജോണും കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായിരുന്ന മനു റോയിയും ചേർന്നാണ് ഭക്ഷണവിതരണത്തിന് തുടക്കമിട്ടത്.
പ്രതിദിനം അറുന്നൂറോളം പേർക്കാണ് ഇവർ ഭക്ഷണം വിളമ്പിയത്. തേവര ഗുരുദ്വാരക്ക് അടുത്തുള്ള സിമിയുടെ വീടിന് സമീപം താമസിച്ചിരുന്ന അന്തർസംസ്ഥാന തൊഴിലാളികളടക്കം മുപ്പതോളംപേർ ഭക്ഷണമില്ലാതെ വലഞ്ഞതുകണ്ടാണ് സംരംഭത്തിന് മുൻകൈ എടുത്തത്. ആദ്യമൊക്കെ തൊട്ടടുത്ത കോളനികളിലെ തമിഴ്നാട്ടുകാരായ തൊഴിലാളികളായിരുന്നു ഭക്ഷണം കഴിക്കാൻ എത്തിയത്.
എന്നാൽ, വിശന്ന് വരുന്നവരുടെ നിര നീണ്ടതോടെ സിമിക്ക് ഒറ്റക്ക് ഭക്ഷണ വിതരണം നടത്താനാവാത്ത സ്ഥിതിയായി. സഹായം തേടി ഔദ്യോഗിക സംവിധാനങ്ങളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ കുടുംബസുഹൃത്ത് കൂടിയായ മനുറോയിയും സിമിക്കൊപ്പം ചേർന്നു.
ആദ്യം 30 പേർക്കായി തുടങ്ങിയ ഭക്ഷണവിതരണം ഇതോടെ 600ലേക്കെത്തി. ഇതിനിടയിൽ ഭക്ഷണവിതരണം തടസ്സപ്പെടുത്താൻ പലരും ശ്രമിെച്ചന്ന പരിഭവവും ഇവർ പങ്ക് വെക്കുന്നു. സാമ്പത്തികബാധ്യത ഭയപ്പെട്ടെങ്കിലും നന്മ മനസ്സിലുള്ള ഒട്ടേറെപ്പേർ സഹായവുമായി എത്തിയെന്ന് മനു റോയി പറഞ്ഞു.
പൊലീസുകാർ വിതരണം ചെയ്തശേഷം ബാക്കി വരുന്ന ഭക്ഷണപ്പൊതികളും ഇവരെ ഏൽപിക്കും. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞുതുടങ്ങി. കരുതൽ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും സിമി റോസ്ബെൽ ജോണും മനു റോയിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.