പാമ്പ്ര ചേലക്കൊല്ലിയിലെ നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള കാട്ടാന പ്രതിരോധ വേലി

സംസ്ഥാനത്ത് ആദ്യം; കാട്ടാനകളെ തുരത്താൻ ചേലക്കൊല്ലിയിൽ സ്ഥാപിച്ച എ.ഐ വേലി വിജയകരം

പുൽപള്ളി: സംസ്ഥാനത്ത് ആദ്യമായി നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി വേലികെട്ടി കാട്ടാനകളെ തടയാൻ ആരംഭിച്ച പദ്ധതി ഫലപ്രദം. ചെതലയം റേഞ്ചിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ പാമ്പ്ര ചേലക്കൊല്ലിയിലാണ് എ.ഐ ഫെൻസിങ് രണ്ട് വർഷം മുമ്പ് നിർമിച്ചത്. സർക്കാർ അനുമതിയോടെ വൈറ്റ് എലിഫെന്റഎ ടെക്നോളജിസ് കമ്പനി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിർമാണം. ഈ വേലി ഏറെ വിജയകരമാണെന്നും കാട്ടാനകളെ പ്രതിരോധിക്കുന്നുണ്ടെന്നും കർഷകർ പറഞ്ഞു.

70 മീറ്റർ ദൂരത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ഇവ നിർമിച്ചത്. റെയിൽ ഗാർഡുകൾ സ്ഥാപിച്ച് അതിൽ പ്രത്യേക ബെൽറ്റ് മെടഞ്ഞാണ് പ്രതിരോധ വേലി ഒരുക്കിയത്. ബെൽറ്റിൽ സോളാർ വൈദ്യുതിയും എ.ഐ സംവിധാനങ്ങളുമുണ്ട്. ഏത് ജീവിയും പ്രതിരോധ വേലിക്ക് സമീപമെത്തിയാൽ സൈറൺ മുഴക്കി നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതോടൊപ്പം തിരുവനന്തപുരത്തെ കൺട്രോൾ റൂമുകളിലേക്ക് വന്യജീവികളുടെ തത്സമയ ദൃശ്യങ്ങളും എത്തും.

60 ടൺ ഭാരംവരെ പ്രതിരോധിക്കാൻ ഈ വേലിക്ക് ശേഷിയുണ്ട്. ഒമ്പത് അടി ഉയരത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ചെലവഴിച്ചത്. നിർമാണം പൂർത്തിയാക്കി രണ്ട് വർഷം കഴിയുമ്പോൾ ഇവിടെ കാട്ടാനകളുടെ ഭീഷണി ഏറെ കുറഞ്ഞിട്ടുണ്ട്. സംവിധാനം വന്നതോടെ ഈ പരിസരത്ത് ആനശല്യം ഉണ്ടായിട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.

Tags:    
News Summary - First in the state; AI fence installed in Chelakoli to repel wild elephants is successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.