ആലപ്പുഴ വലിയചുടുകാട് വി.എസ്. അച്യുതാനന്ദന്റെ സ്മൃതികുടീരത്തിൽ ഭാര്യ കെ. വസുമതി പുഷ്പാർച്ചന നടത്തുന്നു. മകൻ ഡോ. വി.എ. അരുൺകുമാർ, കൊച്ചുമകൻ അരവിന്ദ് തുടങ്ങിയവർ സമീപം
ആലപ്പുഴ: പുന്നപ്ര-വയലാർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ ഇല്ലാത്ത ആദ്യ പിറന്നാൾദിനത്തിൽ ഓർമപ്പൂക്കളുമായി ഒറ്റക്കും കൂട്ടായും നൂറുകണക്കിനാളുകൾ പറവൂർ വേലിക്കകത്ത് വീട്ടിലും അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട് സ്മൃതികുടീരത്തിലും എത്തി. തിങ്കളാഴ്ച രാവിലെ 10നാണ് 102ാമത് പിറന്നാൾദിനത്തിൽ പുഷ്പാർച്ചന നടത്താൻ കുടുംബാംഗങ്ങൾ എത്തിയത്. വിപ്ലവസൂര്യന് താങ്ങുംതണലുമായിരുന്ന ഭാര്യ കെ. വസുമതി നിറകണ്ണുകളോടെയാണ് ഈ സമയം ചെലവഴിച്ചത്. ഒപ്പമെത്തിയ മകൻ വി.എ. അരുൺകുമാർ, ഭാര്യ ഡോ. രജനി, മകൻ അരവിന്ദ്, ഡോ. രജനിയുടെ അച്ഛൻ ഡോ. കെ. ബാലകൃഷ്ണൻ എന്നിവരും റോസാപ്പൂക്കൾ അർപ്പിച്ചു.
വിവിധ കാലങ്ങളിൽ വി.എസിനൊപ്പം പ്രവർത്തിച്ച മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരൻ, ജോയി കൈതാരം, മുൻ പ്രസ് സെക്രട്ടറി പി. ജയനാഥ്, മുൻ ഗൺമാൻ സുരേഷ് തേവള്ളി, എച്ച്. സലാം എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, പി.വി. പവനൻ, കെ.പി. സത്യകീർത്തി, ബി. അജേഷ് എന്നിവരും എത്തിയിരുന്നു. ബി.കെ. ഹരിനാരായണൻ രചിച്ച് ബിജിബാൽ സംഗീതം നൽകിയ ഗാനാഞ്ജലി വേലിക്കകത്ത് വീട്ടിൽ നടന്ന ചടങ്ങിൽ വസുമതി പ്രകാശിപ്പിച്ചു.
ഉച്ചയോടെ മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ വേലിക്കകത്ത് വീട്ടിലെത്തി കുടുംബാംഗങ്ങളെക്കണ്ട് മടങ്ങി. ഇതിനുപിന്നാലെ വി.എസ് നവമാധ്യമക്കൂട്ടായ്മയും ഒത്തുചേർന്നു. ആഘോഷങ്ങൾ ഒഴിവാക്കി ജന്മദിന സെമിനാർ നടത്തി. ജോസഫ് സി. മാത്യു, ജോയ് കൈതാരം, വി.കെ. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പായസവിതരണവും നടന്നു. വൈകീട്ട് കൂട്ടായ്മ പ്രവർത്തകർ വലിയ ചുടുകാട് ശ്മശാനത്തിലെത്തി പുഷ്പാർച്ചന നടത്തി. ഏറെക്കാലം വി.എസ് പ്രതിനിധീകരിച്ച മലമ്പുഴയിൽനിന്നും കോട്ടയത്തുനിന്നും തിരുവനന്തപുരത്തുനിന്നുമെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ സ്മൃതിയിടത്തിലെത്തി പുഷ്പങ്ങളർപ്പിച്ചു.
79 വർഷമായി, ഒക്ടോബർ 20ന് തുടങ്ങുന്ന പുന്നപ്ര-വയലാർ വാരാചരണത്തിന് രണധീരർക്ക് അഭിവാദ്യമർപ്പിക്കാൻ വി.എസ് എത്തുമായിരുന്നു. 2019ലാണ് വി.എസ് അവസാനമായി പങ്കെടുത്തത്. അന്നത്തെ മടക്കയാത്രയിൽ അസുഖം പിടിപെട്ട് വിശ്രമത്തിലായി. പിന്നെയെത്തിയത് ചേതനയറ്റ ശരീരമായിരുന്നു. ആലപ്പുഴയിലെത്തുമ്പോൾ ദിവാൻ ഭരണത്തിനെതിരെ ചോരകൊണ്ടെഴുതിയ പുന്നപ്ര-വയലാർ ചെറുത്തുനിൽപിന്റെ ഓർമകൾ സ്വതസ്സിദ്ധമായ ശൈലിയിൽ പുതിയ തലമുറക്ക് പകർന്നായിരുന്നു മടക്കം. കേരള ലളിതകല അക്കാദമിയിലെ കലാകാരന്മാർ വേലിക്കകത്ത് വീടിന്റെ മതിലിൽ വി.എസിന്റെ 10 സമരചിത്രങ്ങളും വരച്ചിട്ടുണ്ട്. വരക്കാനുള്ള ചിത്രങ്ങൾ തെരഞ്ഞെടുത്തത് മകൻ അരുൺകുമാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.