കൈക്കൂലി കേസിൽ പിടിയിലായ അസിസ്റ്റന്റ് വില്ലേജ് ഓഫിസറിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ തേടുന്നു.

ഭൂമി തരം മാറ്റി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

പത്തനാപുരം : ഭൂമി തരം മാറ്റി നൽകുന്നതിന് പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് സംഘം പിടികൂടി. പിറവന്തൂർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും തിരുവനന്തപുരം പേട്ട സ്വദേശിയുമായ മുഹമ്മദ് ഖാനെയാണ് കൊല്ലം വിജിലൻസ് ഡി.വൈ.എസ്.പി.ബൈജു എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പിടികൂടിയത്.

പിറവന്തൂർ സ്വദേശിയായ പരാതിക്കാരന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള 34 സെന്‍റ് ഭൂമി തരം മാറ്റി നൽകുന്നതിനാണ് വില്ലേജ് അസിസ്റ്റന്റ് പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഭൂമി തരം മാറ്റി നൽകുന്നതിന് പുനലൂർ ആർ.ഡി.ഒ.ഓഫീസിൽ നൽകിയിരുന്ന അപേക്ഷ ഇതിന്റെ ഫെയർ വാല്യൂ കണക്കാക്കുന്നതിനു വേണ്ടി വില്ലേജ് ഓഫീസിലേക്ക് അയച്ചു നൽകിയിരുന്നു. നടപടികൾ പൂർത്തിയാക്കി ഫയൽ വില്ലേജ് ഓഫീസിൽ നിന്നും ആർ. ഡി.ഒ ഓഫീസിലേക്ക് മടക്കി അയച്ചുവെങ്കിലും ഇതിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും തിരിച്ചയച്ചു. പിന്നീട് പരാതിക്കാരൻ പിറവന്തൂർ വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ ഫയൽ കാണുന്നില്ലെന്നായിരുന്നു മറുപടി. ഫയൽ ശരിയാക്കി തരാൻ വില്ലേജ് അസിസ്റ്റന്റ് പരാതിക്കാരനോട് പതിനായിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.

ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരൻ വില്ലേജ് അസിസ്റ്റന്റുമായി ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. പിന്നീട് നേരിട്ട് എത്തിയപ്പോളും ഇത് ആവർത്തിച്ചു. തുടർന്ന് വെള്ളിയാഴ്ച്ച വില്ലേജ് അസിസ്റ്റന്റ് പരാതിക്കാരന്‍റെ സുഹൃത്തിനെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഗൂഗിൾ പേ വഴിയോ നേരിട്ടോ പണം നൽകാനായിരുന്നു ആവശ്യം. ഇതേ തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. ഇതനുസരിച്ച് വിജിലൻസ് നൽകിയ പതിനായിരം രൂപയുമായി പരാതിക്കാരൻ ശനിയാഴ്ച വില്ലേജ് ഓഫീസിനു മുന്നിലെത്തി. രാവിലെ സ്ഥലത്തെത്തിയ വിജിലൻസ് സംഘം സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ വില്ലേജ് ഓഫീസിനു പുറത്തുവന്ന വില്ലേജ് അസിസ്റ്റന്റ് മുഹമ്മദ്‌ഖാൻ പരാതിക്കാരനിൽ നിന്നും പതിനായിരം രൂപ കൈപ്പറ്റി. ഇതോടെ വിജിലൻസ് സംഘം മുഹമ്മദ്‌ഖാനെ പിടികൂടുകയായിരുന്നു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. വിജിലൻസ് ഡി. വൈ. എസ്. പി ക്ക് പുറമെ ഉദ്യോഗസ്ഥന്മാരായ ബിജു, ജസ്റ്റിൻ ജോൺ, ഇഗ്‌നെശ്യസ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. രണ്ടു വർഷമായി മുഹമ്മദ് ഖാൻ പിറവന്തൂരിൽ എത്തിയിട്ട്. 22 വർഷത്തെ സർവീസുള്ള മുഹമ്മദ്‌ഖാൻ മൂന്ന് നാല് മാസത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലാകുന്നത്. 

Tags:    
News Summary - arrest on bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.