അടിമാലി മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയെ നടൻ മമ്മൂട്ടി സന്ദർശിക്കുന്നു
കൊച്ചി: മഹാനടൻ മമ്മൂട്ടി കൈപിടിച്ചപ്പോൾ മണ്ണിടിച്ചിൽ സമ്മാനിച്ച നീറുന്ന വേദനകൾ മറന്ന് സന്ധ്യ കൃത്രിമകാൽ മുന്നോട്ടാഞ്ഞ് പതിയെ നടന്നു. മമ്മൂട്ടി വീണ്ടും പറഞ്ഞു, ‘ഇനി വീടിന്റെ കാര്യമല്ലേ അതും നടക്കും’. 2025 ഒക്ടോബർ 25ന് അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ് കാൽ നഷ്ടപ്പെട്ട സന്ധ്യക്ക് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ ഏർപ്പാടാക്കിയതും കൃത്രിമക്കാൽ വെക്കാൻ സഹായം ചെയ്തതും മമ്മൂട്ടി ആയിരുന്നു.
മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയറും രാജഗിരി ആശുപത്രിയും ചേർന്ന് സൗജന്യമായാണ് സന്ധ്യക്ക് ചികിത്സയും കൃത്രിമക്കാലും നൽകിയത്. കൃത്രിമക്കാൽ വെച്ചതിന് ശേഷം ആദ്യമായി ഡോക്ടറെ കാണാൻ രാജഗിരിയിൽ എത്തിയതായിരുന്നു സന്ധ്യ. മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി പറയണമെന്ന സന്ധ്യയുടെ ആഗ്രഹം രാജഗിരി ആശുപത്രി അധികൃതരാണ് കെയർ ആൻഡ് ഷെയർ ഭാരവാഹികളെ അറിയിച്ചത്. ഷൂട്ടിങ് ആവശ്യത്തിന് കൊച്ചിയിൽ ആയിരുന്ന മമ്മൂട്ടി തിരക്കുകൾ മാറ്റിവെച്ച് സന്ധ്യയെ കാണാനെത്തുകയായിരുന്നു.
മമ്മൂട്ടി സാരിയും ചെടിയും സമ്മാനിച്ചാണ് സന്ധ്യയെ യാത്രയാക്കിയത്. രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, ഹെൽത്ത് കെയർ പ്രമോഷൻസ് വൈസ് പ്രസിഡന്റ് ജോസ് പോൾ, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരൻ സന്ദീപ് എന്നിവരും കൂടെ ഉണ്ടായിരുന്നു.
രാജഗിരി ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ജിജി രാജ് കുളങ്ങര, സീനിയർ കൺസൾട്ടന്റ് ഡോ. ഗെലി ഇറ്റെ, ഡോ. എ.ജെ. പ്രവീൺ, ഫിസിയോതെറപ്പി വിഭാഗത്തിലെ ഡോ. വിജയൻ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരുടെ വിദഗ്ധ ചികിത്സയിലാണ് സന്ധ്യ വീണ്ടും ചുവടുകൾ വെച്ചുതുടങ്ങിയത്. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷം മകനും മരിച്ചതിനാൽ, നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് സന്ധ്യക്ക് ഇനി തുണ.
അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഹൈഡ്രോളിക് ആംഗിൾ ഫൂട്ടാണ്. അംഗപരിമിതർക്ക് കൂടുതൽ സ്വാഭാവികമായ നടത്തം സാധ്യമാക്കുന്ന കാർബൺ ഫൈബർ നിർമ്മിത പാദം സ്വാഭാവിക ചലനം സാധ്യമാക്കും. കൃത്രിമക്കാലിന് ഏഴര ലക്ഷത്തോളം രൂപ വിലവരും. ചികിത്സക്ക് ആകെ 20 ലക്ഷം രൂപയോളം വേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.