തന്ത്രിയുടെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയും ദുരൂഹതയും -വി.ഡി. സതീശൻ

കൊച്ചി: ശബരിമല തന്ത്രിയുടെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയും ദുരൂഹതയും സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെളിവിന്‍റെ കണിക പോലും ഇല്ലാതെ ശബരിമല തന്ത്രിയെ പോലെ ഒരാള്‍ 40 ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തെ കുറിച്ച് ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശബരിമല തന്ത്രിയെ അറസ്റ്റു ചെയ്യാനുള്ള കാരണം എന്താണെന്ന് എസ്.ഐ.ടി വ്യക്തമാക്കണം. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എന്തു കുറ്റമാണ് തന്ത്രി ചെയ്തതെന്ന് എസ്.ഐ.ടി പൊതുസമൂഹത്തോട് വ്യക്തമാക്കേണ്ടതുണ്ട്. തന്ത്രിയുടെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ക്രെഡിറ്റാണെന്നാണ് അന്ന് സി.പി.എം സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിച്ചത്. സ്വർണക്കൊള്ളയിൽ സി.പി.എമ്മിന് എതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ അതില്‍ നിന്നും വഴിതിരിക്കുന്നതിന് തന്ത്രിയെ അറസ്റ്റു ചെയ്തതാണോയെന്ന് സംശയിക്കണം.

തന്ത്രിക്ക് ജാമ്യം നല്‍കിയുള്ള കോടതി വിധിയില്‍ തെളിവില്ലെന്നാണ് പറയുന്നത്. മന്ത്രിയെയോ തന്ത്രിയെയോ അറസ്റ്റു ചെയ്താല്‍ കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം എന്താണെന്ന് വ്യക്തമാക്കണമെന്ന് അന്നുതന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. തന്ത്രി കുറ്റക്കാരനെങ്കിൽ ജയിലിൽ കിടക്കട്ടെ. ജയിലില്‍ കിടക്കാന്‍ ഇടയായ സാഹചര്യം എന്താണെന്ന് ജനം അറിയട്ടെ.

ആരോഗ്യ കേരളം വെന്‍റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും സംസ്ഥാനത്ത് നടക്കുന്നത്. ‘ഒറ്റപ്പെട്ട’ ആയിരക്കണക്കിന് സംഭവങ്ങളാണ് ഉണ്ടായത്. വൻകിട കമ്പനികള്‍ ആശുപത്രികള്‍ ഏറ്റെടുക്കുന്നതോടെ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ചികിത്സ തേടി സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും.

ഈ സാഹചര്യത്തില്‍ പൊതു ആരോഗ്യ സംവിധാനം തകരാതെ നിര്‍ത്തേണ്ടത് സര്‍ക്കാറിന്‍റെ ചുമതലയാണ്. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോള്‍ ആരോഗ്യരംഗത്ത് സമഗ്ര മാറ്റമുണ്ടാകും. സംസ്ഥാനത്ത് വ്യാപകമായി സിസ്റ്റത്തിന്‍റെ തകരാര്‍ ആവര്‍ത്തിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ആരോഗ്യരംഗത്ത് ഒരു മാറ്റവും ഉണ്ടാക്കാതെ വാചകമടി മാത്രമാണ് നടന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

Tags:    
News Summary - Conspiracy and mystery behind the arrest of the Tantri - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.