തിരുവനന്തപുരം: തുമ്പ കിൻഫ്രയിലെ മെഡിക്കൽ സർവീസ് കോർപറേഷൻ മരുന്ന് സംഭരണകേന്ദ്രത്തിലെ തീപിടിത്തം അണയ്ക്കുന്നതിനെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത് (32) മരിച്ചത് ഭിത്തി തകർന്ന് ദേഹത്തേക്ക് വീണതിനെ തുടർന്ന്. തീയണക്കാനായി ഭിത്തി പൊളിച്ചുകേറുമ്പോൾ തകരുകയായിരുന്നു. രഞ്ജിത്തിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് മരിച്ചത്.
ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ച കെട്ടിടത്തിനാണ് തീപ്പിടിച്ചത്. ചൂടിനെ തുടർന്ന് ബ്ലീച്ചിങ് പൗഡറിന് തീപ്പിടിച്ചത് പടരുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. തീപ്പിടിത്തത്തിലും ഫയർമാന്‍റെ മരണത്തിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും.
പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് തീപ്പിടിച്ചെന്നാണ് പ്രാഥമിക വിവരമെന്ന് മെഡിക്കൽ സർവിസ് കോർപ്പറേഷൻ എം.ഡി ജീവൻ ബാബു പറഞ്ഞു. കെട്ടിടത്തിൽ പവർ കണക്ഷൻ ഇല്ലായിരുന്നു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തേണ്ടതുണ്ട്. ബ്ലീച്ചിങ് പൗഡർ പരിശോധനയ്ക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തെ തീപ്പിടിത്തത്തിന് ശേഷം ബ്ലീച്ചിങ് പൗഡർ മാറ്റി സൂക്ഷിക്കാൻ നിർദേശം നൽകിയിരുന്നു. ഇവിടെ മരുന്നുകളിൽ നിന്ന് മാറ്റിയാണ് കെമിക്കൽസ് സൂക്ഷിച്ചത്. ഫോറൻസിക് പരിശോധന നടത്തും. സംഭവത്തിൽ അട്ടിമറി സംശയമില്ല, ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും ജീവൻ ബാബു പറഞ്ഞു.
പുലർച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രാസവസ്തുകൾ സൂക്ഷിക്കുന്ന ഗോഡൗൺ കെട്ടിടം വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും എത്തിയാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.