ആലുവ: തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തുക അനുവദിക്കുവാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മനുഷ്യാവകാശ കമീഷന് പരാതി. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങാണ് പരാതി നൽകിയത്.
തൃശൂർ റെയിൽവേ സ്റ്റേഷൻ ടൂ വീലർ പാർക്കിങ് പരിസരത്താണ് തീ പിടുത്തം ഉണ്ടായത്. സംഭവത്തിൽ 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചിരുന്നു. പാർക്കിങ് സ്ഥലം റെയിൽവേ കരാർ വിളിച്ച് പ്രൈവറ്റ് ഏജൻസികൾക്ക് നൽകിയതാണെന്നും അതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നുമാണ് റെയിൽവേ നിലപാട്. നഷ്ടപരിഹാരത്തുക ഇൻഷുറൻസ് പരിരക്ഷ മുഖേന നേടി എടുക്കണമെന്നാണ് റെയിൽവേ അനൗദ്യോഗികമായി വ്യക്തമാക്കുന്നതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
വാഹനം കത്തി നശിച്ചവർക്ക് നഷ്ടപരിഹാര വിഹിതം നൽകില്ലെന്ന റെയിൽവേയുടെ നിലപാടിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടികാട്ടി. നാലാഴ്ചക്കകം റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പരാതി പരിഗണിച്ച സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.