മണ്ണാർക്കാട്: നഗരത്തിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗൃഹോപകരണ വിൽപനശാലയിൽ വൻഅഗ്നിബാധ. ഏകദേശം രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മണ്ണാർക്കാട് നഗരത്തിലെ പ്രമുഖ ഹോം അപ്ലയൻസ് സ്ഥാപനമായ മുല്ലാസ് ഹോം അപ്ലയൻസിലാണ് സംഭവം. നൂറിലധികം റഫ്രിജറേറ്ററുകളും എ.സി, വാഷിങ് മെഷീന് ഉള്‍പ്പെടെ കെട്ടിടത്തിന്റെ ഒരുഭാഗവും കത്തിനശിച്ചു.
ബുധനാഴ്ച രാവിലെ 7.50നാണ് കടയിൽ തീ ആളിപടരുന്നതായി നാട്ടുകാർ കണ്ടത്. നഗരം തിരക്കിലേക്ക് പ്രവേശിക്കുന്നതിനിടെ അറിഞ്ഞ ഉടൻ പരിസരത്തുള്ളവർ തൊട്ടടുത്ത മണ്ണാർക്കാട്ടെ വട്ടമ്പലത്തെ അഗ്നി രക്ഷാനിലയത്തിൽ അറിയിച്ചു.
സ്ഥാപനത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലും ഷട്ടറിനോട് ചേർന്ന് പുറത്തും സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് കത്തി ചാമ്പലായത്. ഫ്രിഡ്ജ്, എ.സി, വാഷിങ് മെഷീൻ, ഫാൻ, മിക്സി, ഗ്രൈൻഡർ, തുടങ്ങിയ ഗൃഹോപകരണങ്ങളാണ് കത്തിയതിൽ ഏറെയുമെന്ന് അഗ്നി രക്ഷാ സേന പറഞ്ഞു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ മുകളിലെ നിലകളിലേക്ക് തീ പടരാതിരിക്കാൻ കഴിഞ്ഞു.
തീയും പുകയും നിറഞ്ഞതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഉടൻതന്നെ സേനാംഗങ്ങൾ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടർന്നു. ബിൽഡിങ്ങിന്റെ അകത്ത് പ്രവേശിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. 4500 ലിറ്ററോളം വെള്ളമാണ് സേന തീ അണക്കാൻ മാത്രം ഉപയോഗിച്ചത്. ഏകദേശം രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടായതായി മുല്ലാസ് ഹോം അപ്ലയന്‍സ് മാനേജര്‍ കലേഷ് പറഞ്ഞു.
നാട്ടുകാരനായ വിഷ്ണു എന്നയാളാണ് ഫയർഫോഴ്സിനെ ആദ്യം വിവരം അറിയിച്ചത്.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാവാമെന്നാണ് നിഗമനം. മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസറായ സുൽഫീസ് ഇബ്രാഹിം, സീനിയർ ഫയർ അസി. സ്റ്റേഷൻ ഓഫിസർ ഗ്രേഡ് മെക്കാനിക് കെ. മണികണ്ഠൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി. ജയരാജൻ, അസി. സ്റ്റേഷൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.കെ. രഞ്ജിത്ത്, എം.എസ്. ഷബീർ, ഒ.എസ്. സുഭാഷ്, എം. മഹേഷ്, ജി. അജീഷ്, കെ.വി. സുജിത്, ഒ. വിജിത്, കോങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി. മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എം.ആർ. രാജീവ്, എസ്. ബൈജു, കെ.ഐ. ഷെരീഫ്, ഹോം ഗാർഡ് കെ.ജി. സുനിൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ആപത് മിത്ര വളന്റിയേഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വി.കെ. ശ്രീകണ്ഠന് എം.പി, എന്‍. ഷംസുദ്ദീന് എം.എല്‍.എ, നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍ ഷഫീക് റഹ്മാന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
മണ്ണാർക്കാട്: ഇലക്ട്രോണിക്സ് വിൽപനശാലയിൽ തീ ആളികത്തുന്നത് കണ്ടവരെയെല്ലാം ആശങ്കയുടെ മുൾമുനയിലായിരുന്നു. മൂന്ന് മണിക്കൂറുകൾ കൊണ്ടാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കാനായത്. പൊതുവെ തിരക്കേറിയ പട്ടണത്തിലെ ഓരോ പോക്കറ്റ് റോഡുകളിൽനിന്ന് യുവാക്കൾ വാഹനങ്ങളിലും മറ്റും ഓടിയെത്തി. കച്ചവട സ്ഥാപനങ്ങളുടെ കാര്യത്തിൽ സാന്ദ്രത കൂടിയ പ്രദേശമായതിനാൽ എന്തും സംഭവിക്കമെന്ന ആകാംക്ഷയിലായിരുന്നു ഓരോരുത്തരും.
പാലക്കാട്-കോഴിക്കോട്ട് ദേശീയപാതയിൽ നഗരം തിരക്കിലേക്ക് അമരുംമുമ്പ് തൊട്ടടുത്ത താമസസ്ഥലങ്ങളിലേക്കും വ്യാപാര സമുച്ചയങ്ങളിലേക്കും തീപടരാതിരിക്കാൻ എത്രയുംവേഗം നിയന്ത്രണ വിധേയമാക്കാൻ മണിക്കൂറുകൾ നീണ്ട പരിശ്രമം ഫലംകണ്ടു. നഗരത്തിനടുത്ത് പ്രദേശത്തെ വട്ടമ്പലം അഗ്നി രക്ഷാസേനയും വേഗത്തിൽ എത്തിപ്പെടാൻ സഹായകമായത് നാട്ടുകാരുടെ സന്ദർഭത്തിനൊത്ത ഇടപെടലിലാണ്. അരമണിക്കൂറിനകം 25 കിലോമീറ്റർ അകലെനിന്ന് കോങ്ങാട് അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. ഇതോടെ തീ അണക്കൽ ദൗത്യം കൂടുതൽ ഉഷാറായി. നഗരത്തെ തീവീഴുങ്ങാൻ മാത്രം വഴിയൊരുക്കാവുന്ന വിപത്ത് ഒഴിഞ്ഞ് പോയല്ലോ എന്ന് ആശ്വാസിക്കുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.