കെ.എസ്.ആർ.ടി.സി ബസിലെത്തിയവർ ബോണക്കാട് യു.പി.സിലെ പോളിങ് ബൂത്തിലേക്ക് നടന്നുകയറുന്നു.
ഫോട്ടോ:പി.ബി.ബിജു
തിരുവനന്തപുരം: സമയം ഉച്ച ഒന്നരയോടടുക്കുന്നു. പോളിങ് ബൂത്തിൽ വോട്ടർമാർ ആരുമില്ല. ഉദ്യോഗസ്ഥർ പുറത്തിറങ്ങി ആരെയോ കാത്തുനിൽക്കുകയാണ്. എല്ലാവരുടെയും നോട്ടം മലയടിവാരത്തേക്ക്. വിതുരയിൽനിന്ന് കാട്ടുപാതകൾ താണ്ടി ഒരുമണിക്ക് ഒരു ബസ് വരാനുണ്ട്.അതിൽ വോട്ടർമാർ വന്നിട്ടുവേണം ഇനി ബൂത്ത് സജീവമാകാൻ. അഗസ്ത്യമലനിരകൾക്ക് താഴെ ബോണക്കാട് യു.പി.എസിൽ പ്രവർത്തിക്കുന്ന ഈ ബൂത്തിന്റെ പരിധി 22 കിലോമീറ്ററോളമാണ്. ഇവിടങ്ങളിൽനിന്ന് വോട്ടുചെയ്യാൻ എത്തേണ്ടവരുടെ പ്രധാന ആശ്രയമാണ് ഉച്ചക്ക് ഒന്നിനെത്തുന്ന ബസ്. 11.30ന് നെടുമങ്ങാട്ടുനിന്ന് പുറപ്പെട്ട് വിതുര വഴി ഒരുമണിക്ക് എത്തേണ്ട ബസ് 1.30 ആയിട്ടും കാണാത്തതിൽ തെല്ല് ആശങ്ക. 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വളവുകളും തിരിവുകളും താണ്ടി ആ കുഞ്ഞൻ ‘വേണാട്’ ബസ് ബൂത്തിന് സമീപത്തേക്ക് വന്നുനിന്നു.
ഇതോടെ മലമുകളിലുള്ള രാഷ്ട്രീയ പാർട്ടികളുടെ ഔട്ടർ ബൂത്തിൽ ആരവങ്ങൾ. പിന്നാലെ പോളിങ് ബൂത്തിലും സജീവത. പതിവിൽനിന്ന് വ്യത്യസ്തമായി പല സ്റ്റോപ്പുകളിൽനിന്ന് ആളുകൾ കയറാനുള്ളതിനാലാണ് സമയം വൈകിയത്. കുത്തനെയുള്ള കയറ്റമാണെങ്കിലും ബസിൽനിന്നിറങ്ങി ബൂത്തിലേക്ക് എല്ലാവരും മത്സരിച്ചാണ് ഓടിക്കയറിയത്. കാരണം രണ്ടുമണിക്ക് ബസ് തിരിച്ചു പുറപ്പെട്ടും. ബസിലെത്തിയവരെല്ലാം വോട്ടർമാരായതിനാൽ എല്ലാവരും വോട്ട് ചെയ്ത് കഴിഞ്ഞാലേ ബസ് പുറപ്പെടൂ. പക്ഷേ, ആദ്യം വോട്ട് ചെയ്താലേ മടങ്ങിപ്പോകാൻ സീറ്റ് കിട്ടൂ. അല്ലെങ്കിൽ നിൽക്കേണ്ടിവരും. അതിനാണ് ബൂത്തിലേക്കുള്ള മത്സരഓട്ടം.
കുഞ്ഞുങ്ങളെ പുറത്ത് നിർത്തിയാണ് പലരും ബൂത്തിൽ കയറിയത്. മുറ്റത്തെ മാവിൽ കല്ലെറിഞ്ഞും സ്കൂൾ അങ്കണത്തിൽ ഓടിക്കളിച്ചുമെല്ലാം കുരുന്നുകളും സജീവം. കുഞ്ഞുങ്ങൾ ഈ സ്കൂൾ മുറ്റത്ത് കളിക്കുന്നത് കണ്ടപ്പോൾ പരിസരത്തുള്ളവർക്കും സന്തോഷം. കാരണം ഇത് അപൂർവ കാഴ്ചയാണ്. സാധാരണ സ്കൂളുകളെ പോലെയല്ല ബോണക്കാട് യു.പി.എസ്.കുട്ടികളില്ലാത്തിനാൽ അടച്ചുപൂട്ടിയതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് ദിനങ്ങളിൽ പോളിങ് ബൂത്തായി പ്രവർത്തിക്കാൻ മാത്രമേ ഈ സ്കൂൾ തുറക്കാറുള്ളൂ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനാണ് അവസാനം തുറന്നത്. പിന്നീട് ഇപ്പോഴും.
എസ്.ഐ.ആറിന് മുമ്പ് 860 ഓളം വോട്ടർമാരാണ് ബൂത്തിലുണ്ടായിരുന്നത്. വോട്ടർപട്ടിക പരിഷ്കരണത്തോടെ ഇത് 578 ആയി ചുരുങ്ങി. പലരും തമിഴ്നാട്ടിൽ വോട്ടർമാരായി. 137 കുടുംബങ്ങളാണ് ബോണക്കാടും പരിസരത്തുമായി താമസിക്കുന്നത്. മറ്റുള്ളവർ ജോലിക്കും മറ്റുമായി വിതുരയിലും പരിസരത്തും വാടകക്ക് താമസമാക്കിയവരാണ്.വിതുരയിൽനിന്ന് ഇവരുമായുള്ള ബസ് വരുന്നതിന് തൊട്ടുമുമ്പ് വരെ 354 പേരാണ് വോട്ടുചെയ്തു പോയത്. ബസിൽ 50 വോട്ടർമാർ കൂടി കാണും. പോളിങ് സമയം അവസാനിക്കുന്നതിന് മുമ്പ് 5.30നാണ് അവസാന ബസ്.എന്തായാലും ആ സങ്വിസിൽ വോട്ടർമാർ വിരളമാകും. എങ്കിലും വൈകിട്ട് ആറുവരെ പോളിങ് സമയമുള്ളതിനാൽ തെന്നിയും തെറിച്ചുമെത്തുന്ന വോട്ടർമാർക്കായി കാത്തിരിപ്പ് തുടരുകയായിരുന്നു ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.