മീൻ പൊരിച്ചതിൽ ഉപ്പ് കുറഞ്ഞു; ഹോട്ടലുടമ ഷെഫിനെ വെട്ടി

കൊച്ചി: മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടി. എറണാകുളം അങ്കമാലി മീന്‍വിലാസം റസ്റ്ററന്റിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.

ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. ഇയാളുടെ കൈയില്‍ ആഴത്തില്‍ മുറിവേറ്റു. ഉടമയായ മുഹമ്മദ് ഉബൈസാണ് വെട്ടിയതെന്നാണ് പരാതി. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്.

ഹോട്ടലിന്റെ നാല് ഉടമകളിൽ ഒരാളാണ് ഉബൈസ്. ഉബൈസ് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ പൊരിച്ചത് ആവശ്യപ്പെടുകയായിരുന്നു. ഷെഫ് മീന്‍ ഫ്രൈ കൊടുത്തപ്പോള്‍ രുചിയില്ലെന്നും ഉപ്പ് കുറവുണ്ടെന്നും അത് ശരിയാക്കണമെന്നും ഉബൈസ് ആവശ്യപ്പെട്ടു. എന്നാൽ, ഹോട്ടലിന്റെ ഫ്രീസര്‍ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കിത്തരാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ല എന്നുമായിരുന്നു ഷെഫിന്റെ മറുപടി.

ഇതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്ന് റിയാസ് അടുക്കളയിലേക്ക് മടങ്ങിയപ്പോള്‍ പ്രകോപിതനായ ഉടമ പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റതിനെ തുടര്‍ന്ന് ഇയാള്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Tags:    
News Summary - Fish Fry dispute hotel owner attacked chef angamaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.