തിരുവനന്തപുരം: വി.എസ് അനുസ്മരണവുമായി പുറത്തിറങ്ങിയ ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ലേഖനം വിവാദമായതിന് പിന്നാലെ വാരാന്തപ്പതിപ്പ് എഡിറ്ററെ മാറ്റി. കെ.ആർ. അജയനെയാണ് ചുമതലകളിൽ നിന്ന് നീക്കിയത്. പി ചന്ദ്രമോഹനാണ് പകരം ചുമതല.
‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന തലക്കെട്ടിൽ വി.എസിന്റെ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ അനുസ്മരണമുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് ഞായറാഴ്ച പത്രത്തോടൊപ്പം വിതരണം ചെയ്തിരുന്നില്ല. പതിപ്പിലുണ്ടായിരുന്ന നാടകകാരനെക്കുറിച്ചുള്ള ‘കള്ളൻ വിജയൻ’ എന്ന കുറിപ്പ് ഒഴിവാക്കി ഇന്നലെയാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ചത്. അതേസമയം, പ്രസിദ്ധീകരിക്കാത്ത വാരാന്തപ്പതിപ്പിന്റെ പകർപ്പ് പുറത്തുപോയതിൽ സ്ഥാപനം വിശദമായ അന്വേഷണവും തുടങ്ങി.
‘കള്ളൻ വിജയൻ’ എന്ന ലേഖനം ഉൾപ്പെട്ടതിനെ തുടർന്നാണ് വാരാന്തപ്പതിപ്പ് വിതരണം പാർട്ടി ഇടപെട്ട് ദേശാഭിമാനി തടഞ്ഞുവെച്ചത്. ഇത് വലിയ വിവാദമാവുകയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് കെആർ അജയനിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു. തലക്കെട്ടിൽ തനിക്ക് വലിയ തെറ്റൊന്നും തോന്നിയിരുന്നില്ല എന്ന വിശദീകരണമാണ് അജയൻ നൽകിയത്.
വി.എസ് വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുമെന്നിരിക്കെ, അതിന് തൊട്ടുമുമ്പുള്ള ഞായറാഴ്ചയിൽ പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പിലാണ് അനുസ്മരണ ലേഖനം ഉൾപ്പെടുത്തിയത്. എന്നാൽ, ഉൾപേജിൽ വെഞ്ഞാറമൂട്ടിലെ നാടകപ്രവർത്തകനായ വിജയനെക്കുറിച്ചുള്ള ലേഖനത്തിന് അദ്ദേഹം അറിയപ്പെടുന്ന ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് നൽകിയിരുന്നു.
വിഭാഗീയതയുടെ കാലത്തെ വിവാദ പരാമർശങ്ങളെ ഓർമിപ്പിക്കുന്ന ഒന്നാം പേജിലെ ‘കടലിരമ്പവും’ ഉൾപേജിലെ ‘കള്ളൻ വിജയൻ’ പ്രയോഗവും ഒരേ സപ്ലിമെന്റിൽ വരുന്നത് ദുർവ്യാഖ്യാനങ്ങൾക്ക് ഇടനൽകുമെന്ന വിലയിരുത്തലിൽ, അവസാന നിമിഷം വാരാന്തപ്പതിപ്പ് പ്രസിദ്ധീകരണം മാറ്റിവെച്ചിരുന്നു. ഇതാകട്ടെ വി.എസിനെ അവഹേളിച്ചുവെന്ന ആരോപണങ്ങൾക്കും ഇടനൽകി.
അതേസമയം, വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാത്തത് സാങ്കേതിക പ്രശ്നമാണെന്നും നാടകകാരൻ വിജയനെക്കുറിച്ചുള്ള ലേഖനം സപ്ലിമെന്റിൽ ഇല്ലെന്നുമായിരുന്നു ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം. സ്വരാജിന്റെ വിശദീകരണം. എന്നാൽ, ഇക്കാര്യം നിഷേധിച്ച് വിജയൻതന്നെ രംഗത്തെത്തി. ദേശാഭിമാനിയിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനെത്തിയയാൾ വിളിച്ച്, ചില സാങ്കേതിക കാരണങ്ങളാൽ ഞായറാഴ്ച കുറിപ്പ് നൽകാനായില്ലെന്ന് പറഞ്ഞതായി വിജയൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതിനിടെ പത്രം പ്രസിദ്ധീകരിക്കുന്നതുപോലെ, പ്രസിദ്ധീകരിക്കാതിരിക്കുന്നതും രാഷ്ട്രീയപ്രവർത്തനമാണെന്ന് വി.എസിന്റെ മകൻ അരുൺകുമാർ പ്രതികരിച്ചു. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.