ആലപ്പുഴ: വി,എസ് അച്യതാനന്ദൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നൽകിയ നേട്ടങ്ങളെ അനുസ്മരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആലപ്പുഴ വലിയചുടുകാട്ടിലെ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണപിള്ള ഈ രാജ്യം കണ്ട ഏറ്റവും വലിയ ബുദ്ധിജീവിയായിരുന്നു. അതേ തലത്തിൽ കേരളം കണ്ട ബുദ്ധിജീവിയാണ് വി.എസ് എന്നും എം.വി ഗോവിന്ദൻ വിശേഷിപ്പിച്ചു.
തന്‍റെ നൂറ്റാണ്ട് പിന്നിട്ട ജീവിതം ജനങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും സമർപ്പിച്ച, രാജ്യം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒരാളായിരുന്നു വി.എസ് എന്നും മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്‍റെ പ്രിയപ്പെട്ട നേതാവായി വി.എസ് മാറിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പുന്നപ്ര– വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിൽ നിർമിച്ച വി.എസ് സ്‌മാരകം എം.വി ഗോവിന്ദൻ നാടിന് സമർപ്പിച്ചു. പ്രശസ്‌ത വാസ്‌തുശിൽപ്പി ജി.ശങ്കറാണ് സ്മാരകത്തിന്‍റെ രൂപരേഖ തയാറാക്കിയത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ അനുസ്മരണ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഡോ.ടി.എം തോമസ് ഐസക്, കെ.എൻ ബാലഗോപാൽ, സി.എസ് സുജാത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് അഞ്ചിന് ചേരുന്ന അനുസ്‌മരണ പൊതുസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. വൈകിട്ട് ഏരിയാകേന്ദ്രങ്ങളിൽ റാലിയും സമ്മേളനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.