തിരുവനന്തപുരം: മുൻ സർക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങൾക്ക് അവസാന മാസത്തെ ശമ്പളം രണ്ടു മാസമായിട്ടും വിതരണം ചെയ്യാതെ രാഷ്‌ട്രീയ പകപോക്കൽ. സർക്കാർ സർവിസിന് പുറത്തുനിന്നെത്തി പേഴ്‌സണൽ സ്‌റ്റാഫായി പ്രവർത്തിച്ചവർക്കാണ് മേയ് മാസത്തെ ശമ്പളം നിഷേധിച്ചത്. എന്നാൽ, സർക്കാർ സർവിസിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പേഴ്‌സണൽ സ്‌റ്റാഫിൽ പ്രവർത്തിച്ചിരുന്നവർക്ക് ജൂൺ രണ്ടിനുതന്നെ ശമ്പളം അനുവദിക്കുകയും ചെയ്‌തു.
പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, അസി. പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണൽ അസിസ്‌റ്റന്റ്, അഡീഷണൽ പേഴ്‌സണൽ അസിസ്‌റ്റന്റ്, അസി. പേഴ്‌സണൽ അസിസ്‌റ്റന്റ് തുടങ്ങിയവർക്കാണ് ഇനിയും ശമ്പളം ലഭിച്ചിട്ടില്ലാത്തത്. ഇവരുടെ ശമ്പള ബിൽ ഉൾപ്പെട്ട ഫയലിൽ സെക്രട്ടറിയറ്റിലെ ഒരു താഴ്‌ന്ന കേഡറിലുള്ള ഉദ്യോഗസ്ഥൻ ഇട്ട കുറിപ്പാണ് രാഷ്‌ട്രീയ പാകപോക്കലിന് ഉപയോഗിക്കുന്നതെന്നാണ് പേഴ്‌സണൽ സ്‌റ്റാഫുകൾ പറയുന്നത്. ചുമതല ഒഴിയുന്ന ജീവനക്കാർക്ക് നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കിയശേഷം ശമ്പളം നൽകിയാൽ മതിയെന്നായിരുന്നു കുറിപ്പ്.
ഇത് മുൻകാലങ്ങളിലൊന്നും ഇല്ലാത്ത കീഴ്‌വഴക്കമാണത്രെ. നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് ശമ്പളത്തിന് ബാധകമാക്കാറില്ല. വിരമിക്കൽ ആനുകൂല്യങ്ങൾക്കാണ് ഇത് ഉറപ്പാക്കുന്നത്. ഈ സർട്ടിഫിക്കറ്റ് ശേഖരിച്ച് നൽകേണ്ട ഉത്തരവാദിത്തം ജീവനക്കാരനല്ലെന്നും അന്വേഷണങ്ങളോട് ബന്ധപ്പെട്ട സെക്ഷനുകൾ കൈമലർത്തുകയാണെന്നും അവർ പറയുന്നു.
മുൻ സർക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങൾക്ക് ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു. ഈ കത്തിലും നടപടിയൊന്നും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.