മലപ്പുറം: വി.എസ്. അച്യുതാന്ദനെക്കുറിച്ച ഓർമക്കുറിപ്പുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ പ്രതികരണവുമായി ഇടത് ചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ആസാദ്. ഒരു ശീർഷകംകൊണ്ട് എന്തു ചെയ്യാനാവും എന്നറിയുന്നവർ ദേശാഭിമാനിയിലുണ്ട്. കടൽവെള്ളംകൊണ്ട് വി.എസിനെ തോൽപ്പിക്കാൻ ഇറങ്ങിയവരെ ദേശാഭിമാനി കടലിരമ്പത്തിൽ മുക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പ’മെന്ന് ദേശാഭിമാനി. വി.എസ്സിനെക്കുറിച്ചാണ്. ഏത് കടലിരമ്പമെന്ന് സംശയം വേണ്ട. ശംഖുമുഖത്തുനിന്ന് ബക്കറ്റിൽ കോരിവെച്ച വെള്ളം ഓർക്കുന്നില്ലേ? അതിലെവിടെയാണ് തിരകളെന്ന് ലോകത്തോട് ചോദിച്ചവരുണ്ട്. അവരോട് ഇപ്പോൾ ദേശാഭിമാനി പറയുന്നു. നിങ്ങൾ മുകൾതട്ടിൽ തിരകൾ കാണുന്നില്ലെന്ന് മാറ്റിവെച്ച ബക്കറ്റുണ്ടല്ലോ, അതിൽ മുഴങ്ങുകയാണ് ഇപ്പോഴും കടലിരമ്പം!
ഒരു ശീർഷകംകൊണ്ട് എന്തു ചെയ്യാനാവും എന്നറിയുന്നവർ ദേശാഭിമാനിയിലുണ്ട്. ഒറ്റയ്ക്കെടുത്താൽ വിഎസ് ഒന്നുമല്ല എന്നു പറഞ്ഞവർക്ക് ഒരു പിൽക്കാല മറുപടി. ചരിത്രത്തിൽ വ്യക്തികൾക്കുള്ള പങ്ക് എന്ന പ്ലഹനോവിയൻ തലക്കെട്ടുപോലെ ആ വേറിട്ട ഇടവും പ്രാധാന്യവും പുതിയ ഭാവസ്വരൂപം കൈവരിക്കുകയാണ്. പാഴ്മുറം മറച്ചുവെച്ചില്ല സൂര്യനെ. മുറമേന്തിയവർ മറച്ചതായി ഭാവിച്ചു. അഹങ്കരിച്ചു.
വി എസ് എന്ന പ്രഭാവം പക്ഷേ, ഒരു പുതുക്കൽശക്തിയായി നില നിൽക്കുന്നു. അത് അറിയേണ്ടവരെ അറിയിക്കുന്നു ഈ ശീർഷകം. കടൽവെള്ളംകൊണ്ട് തോൽപ്പിക്കാൻ ഇറങ്ങിയവരെ കടലിരമ്പത്തിൽ മുക്കുന്നു ദേശാഭിമാനി. ഉജ്ജ്വലം’ -ആസാദ് കുറിപ്പിൽ പറഞ്ഞു.
‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന തലക്കെട്ടിൽ വി.എസിന്റെ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ അനുസ്മരണമുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് ഞായറാഴ്ച പത്രത്തോടൊപ്പം വിതരണം ചെയ്തിരുന്നില്ല. ഇത് വിവാദമായതോടെ ഇന്നലെയാണ് പുറത്തിറക്കിയത്. നേരത്തെ, പതിപ്പിലുണ്ടായിരുന്ന നാടകകാരനെക്കുറിച്ചുള്ള ‘കള്ളൻ വിജയൻ’ എന്ന കുറിപ്പ് ഒഴിവാക്കിയാണ് ഒരു ദിവസം വൈകി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിച്ചത്.
വിവാദങ്ങൾക്കിടെ, സപ്ലിമെന്റിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്റർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പ്രസിദ്ധീകരിക്കാത്ത വാരാന്തപ്പതിപ്പിന്റെ പകർപ്പ് പുറത്തുപോയതിൽ സ്ഥാപനം വിശദമായ അന്വേഷണവും തുടങ്ങി.
വി.എസ് വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുമെന്നിരിക്കെ, അതിന് തൊട്ടുമുമ്പുള്ള ഞായറാഴ്ചയിൽ പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പിലാണ് അനുസ്മരണ ലേഖനം ഉൾപ്പെടുത്തിയത്. എന്നാൽ, ഉൾപേജിൽ വെഞ്ഞാറമൂട്ടിലെ നാടകപ്രവർത്തകനായ വിജയനെക്കുറിച്ചുള്ള ലേഖനത്തിന് അദ്ദേഹം അറിയപ്പെടുന്ന ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് നൽകിയിരുന്നു. വിഭാഗീയതയുടെ കാലത്തെ വിവാദ പരാമർശങ്ങളെ ഓർമിപ്പിക്കുന്ന ഒന്നാം പേജിലെ ‘കടലിരമ്പവും’ ഉൾപേജിലെ ‘കള്ളൻ വിജയൻ’ പ്രയോഗവും ഒരേ സപ്ലിമെന്റിൽ വരുന്നത് ദുർവ്യാഖ്യാനങ്ങൾക്ക് ഇടനൽകുമെന്ന വിലയിരുത്തലിൽ, അവസാന നിമിഷം വാരാന്തപ്പതിപ്പ് പ്രസിദ്ധീകരണം മാറ്റിവെച്ചിരുന്നു. ഇതാകട്ടെ വി.എസിനെ അവഹേളിച്ചുവെന്ന ആരോപണങ്ങൾക്കും ഇടനൽകി.
അതേസമയം, വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാത്തത് സാങ്കേതിക പ്രശ്നമാണെന്നും നാടകകാരൻ വിജയനെക്കുറിച്ചുള്ള ലേഖനം സപ്ലിമെന്റിൽ ഇല്ലെന്നുമായിരുന്നു ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം. സ്വരാജിന്റെ വിശദീകരണം. എന്നാൽ, ഇക്കാര്യം നിഷേധിച്ച് വിജയൻതന്നെ രംഗത്തെത്തി. ദേശാഭിമാനിയിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനെത്തിയയാൾ വിളിച്ച്, ചില സാങ്കേതിക കാരണങ്ങളാൽ ഞായറാഴ്ച കുറിപ്പ് നൽകാനായില്ലെന്ന് പറഞ്ഞതായി വിജയൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതിനിടെ പത്രം പ്രസിദ്ധീകരിക്കുന്നതുപോലെ, പ്രസിദ്ധീകരിക്കാതിരിക്കുന്നതും രാഷ്ട്രീയപ്രവർത്തനമാണെന്ന് വി.എസിന്റെ മകൻ അരുൺകുമാർ പ്രതികരിച്ചു. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.