കോഴിക്കോട്: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ കളരിയുള്ളതില്‍ ബാബുവിന്റെ മകൻ അർജുന് (30) നാടിന്റെ അന്ത്യാഞ്ജലി. പുലര്‍ച്ചെ 2.30 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാവിലെ ആറ് മണിയോടെ തൂണേരിയിൽ കൊണ്ടുവന്നു. എട്ടു മണിയോടെയായിരുന്നു സംസ്കാരം.
അർജുന്റെ അകാല വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അർജുന് അന്തിമോപചാരം അർപ്പിക്കാൻ നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർ വീട്ടിൽ എത്തി. ഒരുനോക്കു കാണാൻ പുലർച്ചെ തന്നെ കളരിയുള്ളതില്‍ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.
റാസ് ലഫാനിലെ ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു അര്‍ജുന്‍. മൂന്ന് വർഷം മുമ്പാണ് അർജുൻ ഖത്തറിൽ പ്രവാസ ജീവിതം ആരംഭിച്ചത്. പത്തുമാസം മുമ്പായിരുന്നു വിവാഹം. വാണിമേൽ പുതുക്കയം സ്വദേശി അതുലയാണ് ഭാര്യ. മാതാവ്: സീന. സഹോദരി: വിസ്മയ.
ഗ്യാസ് പ്ലാന്റിൽ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ അപകടത്തിൽ മരിച്ചു. 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ എല്ലാവരുടെയും നില നിലവിൽ തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ അറിയിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഖത്തർ ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.
അപകടത്തിൽ 13 പേർ മരണപ്പെട്ടതിൽ യു.എ.ഇയും ബഹ്‌റൈനും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തെത്തുടർന്ന് ഖത്തറിലെ ജനങ്ങൾക്കും ഭരണകൂടത്തിനും യു.എ.ഇ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാനും അതിന്‍റെ ആഘാതം ലഘൂകരിക്കാനും തൊഴിലാളികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഖത്തറിന് കഴിയട്ടെയെന്ന് ബഹ്‌റൈനും പ്രസ്താവന പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.