പാലക്കാട്: കഞ്ചാവ് പിടികൂടാനെത്തിയ എക്സൈസിനു മുന്നിലേക്ക് നായ്ക്കളെ തുറന്നുവിട്ട് പ്രതി. ഒടുവിൽ ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിനൊടുവിൽ നായ്ക്കൾ ശാന്തരായി. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി.
പോസ്റ്റ് ഓഫിസ് പാർസൽ വഴി മേഘാലയയിൽ നിന്ന് ഏഴ് കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതി കൊല്ലങ്കോട് താടനാര സ്വദേശി ജിജിറ്റിനെയാണ് (19), പാലക്കാട് പുത്തൂർ വെള്ളോളി ലൈനിലെ വാടകവീട്ടിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫിസിലെത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ‘ഓപറേഷൻ തണ്ടറിന്റെ' ഭാഗമായി കൊല്ലങ്കോടും പാലക്കാടും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി വലയിലായത്.
കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ എക്സൈസ് സർക്കിൾ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷൽ സ്ക്വാഡ്, കൊല്ലങ്കോട് എക്സൈസ് സംഘം എന്നിവർ സംയുക്തമായി വെള്ളിയാഴ്ച പുലർച്ചെയാണ് വീട്ടിൽ പരിശോധനക്കെത്തിയത്.
നിയമപാലകർ വീട് വളഞ്ഞെങ്കിലും നായ്ക്കളെ തുറന്നുവിട്ട നിലയിലായിരുന്നു. ഇരുപതിലേറെ നായ്ക്കളാണ് വീട്ടുവളപ്പിൽ ഉണ്ടായിരുന്നത്. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർക്ക് വീടിനുള്ളിലേക്ക് കയറാനായില്ല. ഒടുവിൽ, ഉദ്യോഗസ്ഥർ തന്ത്രപരമായ നീക്കത്തിലൂടെ നായ്ക്കളുടെ ശ്രദ്ധ തിരിക്കാനായി ബിസ്കറ്റും മറ്റു ഭക്ഷണസാധനങ്ങളും നൽകി അവയെ ശാന്തരാക്കുകയായിരുന്നു.
ഇതിനിടെ ടെറസിലൂടെ ചാടി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിന്തുടർന്ന് സാഹസികമായി കീഴടക്കി. പ്രതിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മേഘാലയയിൽ നിന്ന് കഞ്ചാവ് അയച്ചവരെയും ഇതിന് പിന്നിൽ പ്രവർത്തിച്ച സാമ്പത്തിക സ്രോതസ്സുകളെയും കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കേസിൽ സഹോദരങ്ങളായ കൊല്ലങ്കോട് തെക്കേ പാവടി സ്വദേശികളായ ആർ. സഞ്ജയ് (22), ആർ. രാഹുൽ (26) എന്നിവരെ നേരത്തേ എക്സൈസ് അറസ്റ്റുചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജിറ്റിനായി തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.