സംസ്ഥാനത്ത് പ്രളയസാധ്യത വർധിക്കുന്നു: ഏറ്റവും കൂടുതൽ ഭീഷണി ആലപ്പുഴയിൽ

തൊടുപുഴ: സംസ്ഥാനത്ത് പ്രളയസാധ്യതയും അതിന്റെ തീവ്രതയും വർധിച്ചുവരുന്നതായി പഠനം. സമീപവർഷങ്ങളിൽ തീവ്രമഴയും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട അതിതീവ്ര പ്രതിഭാസങ്ങൾ വർധിക്കുന്നതായാണ് ജലവിഭവ വകുപ്പിന്‍റെ നിരീക്ഷണം. സംസ്ഥാനത്തെ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം 14.52 ശതമാനം പ്രളയസാധ്യതയുള്ള പ്രദേശങ്ങളായാണ് കണക്കാക്കുന്നത്. ഇതിൽ 50 ശതമാനത്തിലധികം ആലപ്പുഴ ജില്ലയിലാണ്, പ്രത്യേകിച്ച് കുട്ടനാട് മേഖലയിൽ. പ്രളയ തീവ്രത വർധിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാമത്തേത് അതിതീവ്ര മഴയാണ്. മഴപെയ്യുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. വാർഷിക മഴയുടെ അളവിൽ വലിയ മാറ്റമില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളിലെ അതിശക്തമായ മഴ പ്രളയത്തിന് പ്രധാന കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 2018 പ്രളയത്തിൽ വെറും 19 ദിവസത്തിനുള്ളിൽ ശരാശരിയേക്കാൾ 164 ശതമാനം കൂടുതൽ മഴയാണ് ലഭിച്ചത്.

പ്രളയ തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ മഴയുടെ അളവും തീവ്രതയും മാത്രമല്ല, നദികളുടെയും തോടുകളുടെയും സംഭരണശേഷി, പ്രളയസാധ്യതാ പ്രദേശങ്ങളിലെ അധിനിവേശങ്ങൾ, ഭൂവിനിയോഗ വ്യതിയാനങ്ങൾ, ജലാശയങ്ങളിലും നദികളിലും അടിഞ്ഞുകൂടുന്ന എക്കലും ചെളിയും എന്നിവയും ഉൾപ്പെടുന്നു. പ്രത്യേകിച്ച് 2018 മുതൽ സംസ്ഥാനത്തുണ്ടായ അതിശക്തമായ പ്രളയങ്ങൾക്കുശേഷം നിരവധി നദികളിലും തോടുകളിലും കായലുകളിലും ജലസംഭരണികളിലും ഗണ്യമായ അളവിൽ എക്കലും ചെളിയും അടിഞ്ഞുകൂടിയതായി വിവിധ പഠനങ്ങളിലും റിപ്പോർട്ടുകളിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മലയോര മേഖലകളിലെ വനനശീകരണം മണ്ണൊലിപ്പിനും ഉരുൾപൊട്ടലിനും കാരണമാവുകയും ഇത് പുഴകളിലെ ഒഴുക്കിനെ ബാധിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്നത് തീരദേശങ്ങളിലും കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷവെള്ളപ്പൊക്കത്തിന് കാരണമാകും. ഓരോ വർഷവും കുറഞ്ഞത് ഒരു അതിതീവ്ര മഴയെങ്കിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വ്യതിയാന പഠനങ്ങൾ സൂചിപ്പിക്കുന്നു. മഴയുടെ തീവ്രത, ഭൂവിനിയോഗ വ്യതിയാനം, സ്വാഭാവിക നീരൊഴുക്കിലെ തടസ്സങ്ങൾ, അധിനിവേശങ്ങൾ തുടങ്ങിയവയും പ്രളയതീവ്രതയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. നിലവിലെ ഓടകളും കാനകളും പഴയ മഴരീതിക്കനുസരിച്ച് നിർമിച്ചതിനാൽ ഡ്രെയിനേജ് സംവിധാനങ്ങൾ അതിതീവ്ര മഴയെ ഉൾക്കൊള്ളാൻ സാധിക്കാത്തതാണ്. ഇതും പ്രളയസാധ്യത വർധിപ്പിക്കുന്നു.

Tags:    
News Summary - Flood risk increases in the state: Alappuzha faces the highest threa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.