കൽപറ്റ: മുംബൈയിൽ ചികിത്സയിലിരിക്കെ നിർബന്ധിത സാഹചര്യത്തിൽ ആംബുലൻസിൽ വന്ന ഫാത്തിമയെ കർണാടകയിലേക്ക് തിരിച്ചയച്ച അധികൃതർ ഒടുവിൽ, അവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കാൻ ഉത്തരവിറക്കി. ഫാത്തിമക്കൊപ്പം ഭർത്താവ് ഉസ്മാൻ ശൈഖിനും ജീവൻ തിരിച്ചുകിട്ടിയതുപോലെ ആശ്വാസം. മുംബൈയിൽനിന്ന് ആംബുലൻസിൽ 1200 കി.മീ പിന്നിട്ട് വയനാട് അതിർത്തി വരെ എത്തിയ തൃശൂർ കണ്ടാണശേരി കറുപ്പം വീട്ടിൽ കെ.വി. സഫറുല്ലയുടെ മകൾ ഫാത്തിമയും ഉസ്മാനും രണ്ട് ഡ്രൈവർമാരും കഴിഞ്ഞ മൂന്നു ദിവസങ്ങൾ അനുഭവിച്ചത് പറഞ്ഞാൽ തീരാത്ത ദുരിതം.
തിങ്കളാഴ്ച രാത്രി ആനയിറങ്ങുന്ന വനപാതയിലാണ് നേരം വെളുപ്പിച്ചത്. കർണാടക ഉദ്യോഗസ്ഥർ എല്ലായിടത്തും മനുഷ്യത്വപരമായി പെരുമാറിയേപ്പാൾ കേരള പൊലീസ് അടക്കം ഉദ്യോഗസ്ഥർ കാണിച്ച അവഗണനയും നിഷേധവുമാണ്. സഹായം അഭ്യർഥിച്ചപ്പോൾ ജില്ല അധികൃതരും കണ്ണടച്ചു. ഫാത്തിമ പറയുന്നു. ഒരുവേള അറസ്റ്റുചെയ്ത് തടവിലും ക്വാറൻറീനിലും പാർപ്പിക്കാൻ ദമ്പതികൾ അപേക്ഷിച്ചെങ്കിലും ‘അതിർത്തി വിട്ട് പോകൂ...’ എന്നായിരുന്നു ശാസന. കോവിഡ് നിയന്ത്രണത്തിെൻറ പേരിലായിരുന്നു ഇതെല്ലാം.
നിർബന്ധിത സാഹചര്യത്തിൽ വരുന്ന രോഗികളടക്കം മലയാളികൾക്ക് പ്രേവശനം നൽകാതെ മുത്തങ്ങയിൽ ഉദ്യോഗസ്ഥ വിചാരണക്കു ശേഷം കർണാടകയിലേക്ക് തള്ളിവിടുന്നതും കേസെടുക്കുന്നതും ‘മാധ്യമം’ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസും ജില്ല ചുമതല വഹിക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രനും ഇടപെട്ടു. തുടർന്നാണ് ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല ഉത്തരവിറക്കിയത്. ഇത് പരിഗണിച്ച് കർണാടക അധികൃതരും പാസ് അനുവദിച്ചതോടെ ഗുണ്ടൽപേട്ട ഗവ. ആശുപത്രിയിൽനിന്നിറങ്ങി വ്യാഴാഴ്ച വൈകീട്ട് വീട്ടിലേക്ക് തിരിച്ചു. അതിർത്തി വരെ ആംബുലൻസിൽ. പിന്നീട് നാട്ടിൽനിന്നു വന്ന ആംബുലൻസിൽ. നാട്ടിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം മാനിച്ച് താമസിക്കും. ചാവക്കാട് തിരുവത്ര സ്വദേശിയാണ് ഉസ്മാൻ.
വന്ധ്യത നിവാരണ ശസ്ത്രക്രിയക്ക് പോയ ആശുപത്രിയും ഹോട്ടലുകളും അടച്ചതോടെയാണ് മാർച്ച് 29ന് നാട്ടിലേക്ക് തിരിച്ചത്. മെഡിക്കൽ രേഖകൾ കാണിച്ചപ്പോൾ എവിടെയും തടസ്സമുണ്ടായില്ല. വേഗം ലക്ഷ്യത്തിെലത്താനാണ് പറഞ്ഞത്. എന്നാൽ, വയനാട് അതിർത്തിയിൽ അനുഭവിച്ചത് അവഗണന യും ദുരിതവുമാണ്. ടോയ്ലറ്റില്ല, കുടിവെള്ളമില്ല, ഭക്ഷണമില്ല. പ്രമേഹരോഗികൂടി ആയതിനാൽ ഉണ്ടായ വിഷമങ്ങൾ. മണിക്കൂറുകൾ അതിർത്തിയിൽ ഇരുട്ടിൽ കാത്തുനിൽക്കേണ്ടി വന്നു.തിരിച്ചുചെന്നപ്പോൾ ഗുണ്ടൽപേട്ട ആശുപത്രിയിൽ കർണാടക ഉദ്യോഗസ്ഥർ താമസിപ്പിച്ചത് രക്ഷയായി. ആശുപത്രിയിൽ രോഗികൾ ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.