മലപ്പുറം: എക്സിറ്റ് പോളുകളിൽ യു.ഡി.എഫിന് മുൻതൂക്കം പ്രവചിക്കപ്പെട്ടതോടെ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമോയെന്ന ചർച്ച അണികൾക്കിടയിൽ സജീവം.എല്ലാ എക്സിറ്റ് പോളുകളും ലീഗിന് കൂടുതൽ സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചതോടെ പതിറ്റാണ്ടുകൾക്കു ശേഷം അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയിലൂടെ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്നാണ് അണികളുടെ പൊതു വികാരം.
എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് അത്തരം ചർച്ചകളിലേക്ക് കടക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ‍്യപ്പെടില്ലെന്നും ലഭിച്ചാൽ നിരസിക്കില്ലെന്നുമാണ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വോട്ടെടുപ്പിന് മുമ്പും ശേഷവും മാധ‍്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. എന്നാൽ, ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പാർട്ടിക്ക് അർഹതയുണ്ടെന്ന നിലപാടാണ് നേതൃത്വത്തിന്.
മുസ്‍ലിം ലീഗിൽനിന്ന് സി.എച്ച്. മുഹമ്മദ് കോയയും കെ. അവുക്കാദർകുട്ടി നഹയും ഇതിന് മുമ്പ് ഉപമുഖ‍്യമന്ത്രിമാരായിട്ടുണ്ട്. പിന്നീട് പല തവണ യു.ഡി.എഫ് മന്ത്രിസഭയിൽ ലീഗ് ഭാഗമായിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ വലിയ ശുഭാപ്തി വിശ്വാസത്തിലാണ് ലീഗ് അണികൾ. യു.ഡി.എഫിന്‍റെ സമുന്നത നേതാവ് എന്ന നിലയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഇത്തവണ ഉപമുഖ‍്യമന്ത്രി പദവി നൽകുന്നത് അദ്ദേഹത്തിന് നൽകുന്ന ആദരവാണെന്ന നിലപാടും നേതാക്കൾക്കിടയിലുണ്ട്. എന്നാൽ, ഉപമുഖ‍്യമന്ത്രി സ്ഥാനത്തിനായി വലിയ അവകാശവാദം ഉന്നയിച്ച് യു.ഡി.എഫിൽ അസ്വാരസ്യം ഉണ്ടാക്കാൻ ലീഗ് നേതൃത്വം ആഗ്രഹിക്കുന്നില്ല.
2011ലെ ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്തെ ‘അഞ്ചാം മന്ത്രി’ പോലുള്ള വിവാദങ്ങൾ ആവർത്തിക്കരുതെന്ന നിലപാടാണ് നേതൃത്വത്തിന്.
അതേസമയം, തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ലീഗിന് കൂടുതൽ സീറ്റ് ലഭിച്ച് യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഉപമുഖ‍്യമന്ത്രി സ്ഥാനം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് ലീഗും യു.ഡി.എഫും പ്രവേശിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, എം.എ. റസാഖ് തുടങ്ങിയ പേരുകളാണ് ലീഗിലെ അനൗദ്യോഗിക ചർച്ചകളിൽ മന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.