ഉപാധിരഹിത പട്ടയം; റവന്യൂ മന്ത്രിയുടെ സംശയത്തിൽ തകർന്ന് കർഷക പ്രതീക്ഷകൾ

കോട്ടയം: ആറ് പതിറ്റാണ്ടായി കുടിയേറ്റ കർഷകർ കാത്തിരിക്കുന്ന ഉപാധിരഹിത പട്ടയത്തിന് ഉടക്കുമായി റവന്യൂ വകുപ്പ്. പതിച്ചുനൽകുന്ന വസ്തുവിൽ ഭൂമിക്കടിയിലെ ധാതുക്കളുടെ അവകാശം ആർക്കെന്ന ചോദ്യത്തോടെ ഭൂപതിവ് നിയമഭേദഗതിയുടെ കരട് റവന്യൂ മന്ത്രി തിരിച്ചയച്ചതോടെ കർഷകരുടെ പ്രതീക്ഷകൾ വീണ്ടും മങ്ങി.

പാറഖനനം തടയുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിലെന്നാണ് പ്രചാരണം. എന്നാൽ, ഉപാധിരഹിത പട്ടയം നൽകുന്നത് വൈകിപ്പിക്കാൻ മാത്രമേ മന്ത്രിയുടെ സംശയം ഇടയാക്കൂവെന്നാണ് കർഷകസംഘടനകളും നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.

ഭൂപതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമി പട്ടയത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് മറിച്ചുള്ള ചട്ടങ്ങൾ നിലനിൽക്കുന്നിടത്തോളം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ മേയ് 25ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.

സർക്കാർ ഭൂമി പതിച്ചുനൽകുമ്പോൾ ആ ഭൂമിയുടെ മുകൾഭാഗം ഉപയോഗിക്കുന്നതിന് മാത്രമാണ് അധികാരം നൽകിയിരിക്കുന്നതെന്നും ഭൂമിക്കടിയിലെ പാറ അടക്കമുള്ളവയുടെ അവകാശം വരില്ല എന്നും കോടതിയിൽ വാദമുയർന്നിരുന്നു. ഇതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന പശ്ചിമഘട്ട മലയോര മേഖലകളിൽ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി.

1964ലെ ഭൂപതിവ് ചട്ടപ്രകാരം സ്വകാര്യ വ്യക്തികൾക്കും കുടുംബങ്ങൾക്കും പതിച്ചുനൽകിയ ഭൂമിയിൽ കൃഷി, ഭവനനിർമാണം, വസ്തുവിന്‍റെ ഗുണകരമായ അനുഭവം എന്നീ ആവശ്യങ്ങൾക്കുമാത്രം ഉപയോഗിക്കാനാണ് അനുവാദം നൽകിയിരുന്നത്. എന്നാൽ, ഭൂമി ലഭിച്ചവർ കഴിഞ്ഞ 60 വർഷങ്ങൾക്കിടെ കുടുംബത്തിലെ തന്നെ രണ്ടും മൂന്നും തലമുറകൾക്ക് കൈമാറ്റംചെയ്തു.

പെട്രോൾ പമ്പുകളും ബസ് സ്റ്റാൻഡുകളുമടക്കം ഇത്തരം ഭൂമിയിൽ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ വിവിധ ഭൂപതിവ് ചട്ടങ്ങളുടെ അടിസ്ഥാനമായ 1960ലെ നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന നിയമോപദേശമാണ് സർക്കാറിന് കിട്ടിയത്.

നിയമവകുപ്പ് ഈ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകിയ ഭൂമിയിൽ പാറഖനനവും നിർമാണ പ്രവർത്തനങ്ങളും ഉൾപ്പെടെ അനുവദിക്കാനുള്ള നിയമഭേദഗതി തയാറാക്കി. ഇതിനെതിരെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും സി.പി.ഐയിലെ ഒരുവിഭാഗം നേതാക്കളും രംഗത്തുവരികയായിരുന്നു.

ഇതിന്‍റെ തുടർച്ചയായാണ് നിയമഭേദഗതിയുടെ കരടിൽ ഖനന പ്രവർത്തനങ്ങൾ അനുവദനീയമാണോ എന്ന ചോദ്യത്തോടെ റവന്യൂ മന്ത്രി ഫയൽ അഡ്വക്കറ്റ് ജനറലിന് തിരിച്ചയച്ചത്. ഭൂപതിവ് ചട്ടനിയമപ്രകാരം നൽകിയ ഒന്നുമുതൽ നാലുവരെ ഏക്കർ ഭൂമിയിൽ മാത്രമല്ല സ്വാതന്ത്ര്യത്തിനു മുമ്പ് രാജഭരണകാലം മുതൽ നിലനിന്നിരുന്ന ഭൂമി നൽകൽ സംവിധാനങ്ങളിലും ഈ മാനദണ്ഡം നടപ്പാക്കാത്തതിനു കാരണമെന്ത് എന്ന ചോദ്യത്തിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായ മറുപടിയില്ല. 

Tags:    
News Summary - Farmers hopes dashed by revenue ministers doubt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.