Court
കരുനാഗപ്പള്ളി (കൊല്ലം): ചവറ കുടുംബ കോടതി ജഡ്ജിക്കെതിരെ വനിതയുടെ പീഡന പരാതി. ജഡ്ജിയുടെ ചേംബറിൽ വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാരോപിച്ച് ജില്ല പ്രിൻസിപ്പൽ ജഡ്ജിക്ക് ലഭിച്ച പരാതി ഹൈകോടതിയിൽ സമർപ്പിച്ചതിനെ തുടർന്ന് ജഡ്ജിയെ സ്ഥലം മാറ്റി. കൊല്ലം എം.എ.സി.ടി കോടതിയിലേക്കാണ് മാറ്റിയത്. ഹൈകോടതി തലത്തിൽ അന്വേഷണവും ആരംഭിച്ചു. ഹൈകോടതി ഉത്തരവ് പ്രകാരം കൊല്ലം എം.എ.സി.ടി കോടതിയിൽ ജോലിയിൽ പ്രവേശിച്ച ശേഷം ആരോപണ വിധേയനായ ജഡ്ജി അവധിയിൽ പ്രവേശിച്ചു.
ഭർത്താവുമായുള്ള തർക്ക പരിഹാരത്തിനായി യുവതി കൊല്ലം ബാർ അസോസിയേഷൻ അംഗമായ അഭിഭാഷകൻ മുഖേനയാണ് ചവറ കുടുംബ കോടതിയിൽ കേസ് നടത്തിവന്നത്. ചേംബർ മീഡിയേഷൻ നടത്തുന്നതിനായി യുവതിയെ ജഡ്ജി വിളിച്ചുവരുത്തുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി.
എന്നാൽ, ജഡ്ജിക്കെതിരെ വ്യാജ പരാതി ചമച്ചതാണെന്നും വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണമാണെന്നും ഒരു വിഭാഗം അഭിഭാഷകർ പറയുന്നു. ജഡ്ജിയുടെ ചേംബറിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകാത്തതിൽ ദുരൂഹതയുള്ളതായും അഭിഭാഷകർ പറയുന്നു. പരാതി ലഭിച്ചിട്ടില്ലെന്ന് ചവറ പൊലീസ് എസ്.എച്ച്. ഷാജഹാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.