ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് വീണ്ടും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്നും ഇനി കാൽപിടിക്കാൻ എൻ.എസ്.എസില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനത്തിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരൻ നായർ മുഖ്യമന്ത്രിയെ വിമർശിച്ചത്. രണ്ടു തവണ കാണാൻ അനുമതി തേടിയിട്ടും മുഖ്യമന്ത്രി സമയം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇൻകം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടതെന്നാണ് വിവരം.
സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന് പറഞ്ഞ സതീശനെതിനെ നേരത്തെയും സുകുമാരൻ നായർ രൂക്ഷ വിമർശനം നടത്തിയിരുന്നു. പെരുന്നയിലെത്തി മണിക്കൂറുകളോളം തിണ്ണനിരങ്ങിയ ആളാണ് വി.ഡി. സതീശൻ എന്നാണ് അന്ന് സുകുമാരൻ ഇതിനു മറുപടി നൽകിയത്. അതേസമയം, കാലാവധി തീർന്നതിനാലാണ് മുൻ മന്ത്രി ഗണേഷ് കുമാറിനെ വീണ്ടും ഡയറക്ടർ ബോർഡിലേക്ക് എടുക്കാത്തതെന്നു അദ്ദേഹം വ്യക്തമാക്കി.
എൻ.എസ്.എസിന് ജനാധിപത്യം ഉണ്ടെന്ന് തങ്ങൾക്ക് ബോധ്യമുണ്ട്. എൻ.എസ്.എസിൽ അർഹതയുള്ള ഒരുപാട് പേരുണ്ട്. എല്ലാവർക്കും മാറി മാറി കൊടുക്കേണ്ടിവരും. കിട്ടാതിരിക്കുന്ന ആളുകൾക്കും കൊടുക്കേണ്ടിവരും. പ്രവർത്തനം അനുസരിച്ചാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കിൽ ഗണേഷിനു കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.
പത്തനാപുരം താലൂക്ക് യൂനിയനിൽ എന്തെങ്കിലും ക്രമവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ അദ്ദേഹം കേസ് കൊടുക്കട്ടെ. ഗണേഷ് കുമാർ കൊണ്ടുവന്ന 12 പേരുടെ പിന്തുണ വാലിഡാണോ എന്നറിയില്ല. നേരത്തെയുള്ള കമ്മിറ്റിക്കാർ മുഴുവൻ രാജിവെച്ചു. അവിടെ കോറം നഷ്ടപ്പെട്ടപ്പോഴാണ് നേതൃത്വം തീരുമാനമെടുത്തത്. ഗണേഷ് കുമാറിനെ പിന്തുണച്ച് പിന്നെ എത്തിയവർ ആരാണെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗണേഷ് കുമാറിനു പകരം ബി.ആർ.കെ. ബാബുവിനെയാണ് ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയത്.
ബോർഡിൽ ഗണേഷിന്റെ കാലാവധി അവസാനിച്ചിരുന്നു. മറ്റ് എട്ടുപേരുടെ അംഗത്വവും പുതുക്കി നൽകി. സുകുമാരൻ നായരെ വീണ്ടും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. ട്രഷററായി എൻ.വി. അയ്യപ്പൻപിള്ളയെയും തെരഞ്ഞെടുത്തു. 'പത്മ കഫെ' നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂനിയനിൽ വലിയ വിവാദത്തിന് കാരണമായിരുന്നു. പത്മ കഫെ നിർമാണത്തിനായി നാല് കോടി രൂപ ചെലവഴിച്ചതിൽ അഴിമതി ആരോപണം ഉയർന്നതാണ് വിവാദമായത്.
പത്തനാപുരം താലൂക്ക് യൂനിയന്‍റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷിന്‍റെ അംഗത്വം പുതുക്കാത്തിനു പിന്നിലെന്നാണ് വിവരം. അഴിമതിയാരോപണങ്ങളിൽ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 11 പേർ ഒരുമിച്ച് രാജിവെച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും രാജിവെച്ചതോടെ പത്തനാപുരം താലൂക്ക് യൂനിയൻ എൻ.എസ്.എസ് സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേഷ്‌കുമാർ പത്തനാപുരത്ത് പരാജയപ്പെടാൻ കാരണം പത്മ കഫെ വിവാദമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കൂടാതെ, സുകുമാരൻ നായരുമായി ഗണേഷിന് അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു.
അതേസമയം, സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും മരിക്കുംവരെ പദവിയിൽ തുടരാൻ ആഗ്രഹമില്ലെന്നും ഗാണേഷ് ഇതുമയി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു. അംഗത്വം പുതുക്കാത്തതിൽ പ്രശ്നമില്ല. അംഗത്വം പുതുക്കാൻ ആവശ്യപ്പെട്ടില്ല. സ്ഥാനത്തിനുവേണ്ടിയല്ല എൻ.എസ്.എസിൽ വന്നത്. ജനറൽ സെക്രട്ടറിയെ പിന്തുണക്കുന്ന ആളാണ്. താൻ ജനത്തിനൊപ്പം ഉണ്ട്, എൻ.എസ്.എസിനൊപ്പമുണ്ട്.
പത്തനാപുരത്ത് എൻ.എസ്.എസിൽ നടന്നത് ശരിയല്ല. അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എൻ.എസ്.എസിനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ ജനറൽ സെക്രട്ടറിക്ക് അധികാരമുണ്ടെന്നും ഗണേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.