കൊച്ചി: റമദാൻ വ്രതം ആരംഭിക്കാനിരിക്കേ പൊലീസിന്റെ ഔദ്യോഗിക സർക്കുലർ എന്ന പേരിൽ വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു. യാചകരെ സംബന്ധിച്ച് കേരള പൊലീസ് പുറത്തിറക്കയ മുന്നറിയിപ്പെന്ന രീതിയിലാണ് വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പ്രചരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാചകർ ഒഴുകി വരുന്നുണ്ടെന്നും കൊടും ക്രിമിനലുകളായ ഇവർക്ക് നയാ പൈസ കൊടുക്കരുതെന്നും ഇതിലുണ്ട്.
“കേരള പോലീസ് അറിയിപ്പ്. പ്രത്യേകം ജാഗ്രത പാലിക്കുക: ഈ റമദാൻ മാസത്തിൽ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്. ഇവർ കൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുത്. സ്ത്രീകൾ മാത്രം ഉള്ള വീട്ടിൽ ഇവർ വന്നാൽ വാതിൽ തുറക്കാതെ അവരെ പറഞ്ഞു വിടുക. പൊലീസ് കണക്ക് പ്രകാരം ഈ കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയ അന്യ സംസ്ഥാനക്കാർ ഒരു ലക്ഷത്തോളം ഉണ്ടെന്നാണ് കണക്കുകൾ. ഇവരുടെ ഒഴുക്ക് കൂടാനുള്ള കാരണം പൊലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത്, റമദാൻ മാസത്തിൽ യാചിക്കാനും റമദാനിൽ നോമ്പെടുത്തു അവശരായവരെ കീഴ്പെടുത്തി കവർച്ച നടത്താനുമാണെന്നാണ്. യാചകരെ അകറ്റുക. വീടും പരിസരവും സുരക്ഷിതമാക്കുക” എന്നാണ് നോട്ടീസിൽ പറയുന്നത്. പൊലീസിന്റെ ലോഗോയും സീലും ഉപയോഗിച്ചാണ് ഇത് തയാറാക്കിയിരിക്കുന്നത്.
എന്നാൽ, ഇങ്ങനെ ഒരുപോസ്റ്റർ പൊലീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്ന് ‘മാധ്യമം ഓൺലൈൻ’ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. എന്നുമാത്രമല്ല, മുൻവർഷങ്ങളിലും സമാന രീതിയിൽ പോസ്റ്റർ പ്രചരിച്ചിരുന്നുവെന്നും അതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
2018ലും 2019ലും 2024ലും ഇതു സംബന്ധിച്ച് വിശദീകരണം കേരളപൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പങ്കുവെച്ചിരുന്നു. 2019ൽ അന്നത്തെ പൊലീസ് ചീഫ് ലോക്നാഥ് ബഹ്റയും ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ‘യാചകർ ക്രിമിനലുകളാണെന്ന സന്ദേശം വ്യാജം. ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലെത്തുന്ന യാചകർ ക്രിമിനലുകളാണെന്ന തരത്തിൽ കേരളാ പൊലീസിന്റെതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നത്. കേരളാ പൊലീസ് ഇത്തരമൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ല’ -ഡി.ജി.പിയുടെ കുറിപ്പിൽ പറയുന്നു. വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതു മാത്രമല്ല പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.