കോന്നി: രാജ്യത്തിന്റെ പ്രഥമ വനിത ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയപ്പോൾ ശബരിമല സന്നിധാനത്ത് പിറന്നത് ഒരപൂർവ ചരിത്രംകൂടി.
സ്വന്തമായി പിൻകോഡ് നമ്പറുള്ള രണ്ടുപേരാണ് ശ്രീധർമശാസ്താവും രാഷ്ട്രപതിയും. ഇരുവരും ബുധനാഴ്ച നേർക്കുനേർ കണ്ടു. ശബരിമല ധർമശാസ്താവിന്റെ പിൻകോഡ് നമ്പർ 689713 ആണെങ്കിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിലുള്ള പിൻകോഡ് 110004 ആണ്.
പത്തനംതിട്ട: കാനന നടുവിലെ ക്ഷേത്രവും അന്തരീക്ഷവും മനസ്സിന് കുളിർമ പകരുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ക്ഷേത്രത്തിനൊപ്പമുള്ള ഉപദേവതകൾ കൗതുകം പകരുന്നതായും അവർ പറഞ്ഞു. യാത്രക്കിടെ മന്ത്രി വി.എൻ. വാസവനോടാണ് ശബരിമല ക്ഷേത്രാന്തരീക്ഷത്തിലെ പുതുമ സന്തോഷകരമാണെന്ന് ദ്രൗപദി മുർമു വ്യക്തമാക്കിയത്.
ശബരിമല വികസനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കാൻ ദേവസ്വം ബോർഡ് നിവേദനം തയാറാക്കിയിരുന്നെങ്കിലും സന്നിധാനത്തുനിന്ന് വേഗത്തിൽ മടങ്ങിയതിനാൽ സ്വീകരിച്ചില്ല. നിവേദനം അടുത്ത ദിവസം സ്വീകരിക്കാമെന്നും ഇതിനായി സമയം നൽകാമെന്നും മന്ത്രിയെ അറിയിച്ചു. ശബരിമല വികസനത്തിനായി വനഭൂമി വിട്ടുകിട്ടുന്നതിലെ ബുദ്ധിമുട്ടുകൾ അടക്കം വിശദീകരിച്ചായിരുന്നു നിവേദനം.
ശബരിമലയിൽ ദർശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ദേവസ്വം ബോർഡിന്റെ ഉപഹാരം സമ്മാനിച്ചു. സന്നിധാനത്തുനിന്ന് മടങ്ങുന്നതിനിടെ, കുമ്പിൾ തടിയിൽ കൊത്തിയെടുത്ത അയ്യപ്പരൂപം ദേവസ്വം ബോർഡിന്റെ ഉപഹാരമായി മന്ത്രി വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ചേർന്നാണ് സമ്മാനിച്ചത്. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം എന്നിവരും ദർശനം നടത്തുമ്പോൾ രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. 12.20ഓടെ ഗൂർഖ ജീപ്പിൽ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങി. ഭക്ഷണത്തിനും വിശ്രമത്തിനുംശേഷം 2.15ഓടെ റോഡ്മാർഗം പമ്പയിൽനിന്ന് പുറപ്പെട്ട ദ്രൗപദി മുർമു, പ്രമാടത്തെത്തി ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് മടങ്ങി.
വർക്കല: ശിവഗിരി സന്ദർശനത്തിനും ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യാനുമായി രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച വർക്കലയിൽ. ഉച്ചക്ക് 12.30ന് പാപനാശം ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതി റോഡ് മാർഗം ശിവഗിരിയിലെത്തും. 12.40ന് സമാധി മണ്ഡപം സന്ദർശിച്ച ശേഷം 12.50ന് തീർഥാടന സമ്മേളന വേദിയിലെത്തുന്ന രാഷ്ട്രപതി മഹാസമാധി ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, അടൂർ പ്രകാശ് എം.പി, വി. ജോയി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ശിവഗിരി മഠത്തിൽ ഉച്ചഭക്ഷണം കഴിഞ്ഞ് 2.40ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോകും.
വ്യാഴാഴ്ച രാവിലെ 10.30ന് രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടർന്നാണ് 11.55ന് വർക്കലയിലേക്ക് പുറപ്പെടുക. വൈകീട്ട് 4.15ന് പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും. 5.10ന് ഹെലികോപ്റ്ററിൽ കോട്ടയത്തേക്ക് പോകും. 6.20ന് കുമരകം താജ് റിസോർട്ടിലെത്തുന്ന രാഷ്ട്രപതി അവിടെ താമസിക്കും.
വെള്ളിയാഴ്ച 11.35ന് കൊച്ചി നാവിക വിമാനത്താവളത്തിലെ ചടങ്ങിൽ സംബന്ധിക്കും. റോഡ് മാർഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. 1.10ന് ബോൾഗാട്ടി പാലസിൽ ഉച്ചഭക്ഷണവും വിശ്രമവും. വൈകീട്ട് 3.45ന് നാവികസേന വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ കൊച്ചി വിമാനത്താവളത്തിലെത്തി 4.15ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.