സ്ക്രാച്ച് കാർഡ് കണ്ട് കൊതിക്കണ്ട, അക്കൗണ്ട് കാലിയാകും! ജാഗ്രതാ നിർദേശവുമായി വീണ്ടും പൊലീസ്

തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിങ്​ പ്ലാറ്റ്‌ഫോമുകളുടെ പേരുകളിൽ രജിസ്​റ്റേർഡ്​ തപാൽ വഴി വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നതായുള്ള മുന്നറിയിപ്പുമായി വീണ്ടും പൊലീസ്​. ആകർഷകമായ സ്ക്രാച്ച് കാർഡുകൾ അടങ്ങിയ കത്തുകളാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്.

കാർഡ് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയ തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും ഈ തുക കൈപ്പറ്റുന്നതിനായി കത്തിലുള്ള ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി. കമ്പനി പ്രതിനിധികളെന്ന വ്യാജേന സംസാരിക്കുന്ന സംഘം സമ്മാനത്തുക അക്കൗണ്ടിലേക്ക് അയക്കുന്നതിന് മുന്നോടിയായി പ്രോസസിങ്​ ഫീ, ഡോക്യുമെന്‍റേഷൻ ചാർജ്, ഇൻകം ടാക്സ് തുടങ്ങിയ ഇനങ്ങളിൽ മുൻകൂറായി പണം ആവശ്യപ്പെടുന്നു.

ഇരകളിൽ പൂർണ വിശ്വാസ്യത വരുത്തുന്നതിനായി വ്യാജമായി നിർമിച്ച ഇൻകം ടാക്സ് രേഖകളും ഔദ്യോഗിക മുദ്രകളും വാട്സആപ്പ് വഴി അയച്ചുനൽകും. എന്നാൽ തട്ടിപ്പുകാർ നൽകുന്ന അക്കൗണ്ടുകളിലേക്ക് പണം കൈമാറിക്കഴിഞ്ഞാൽ പിന്നീട് ഇവരുമായി ബന്ധപ്പെടാൻ സാധിക്കില്ല. സ്ക്രാച്ച് കാർഡുകളോ ഗിഫ്റ്റ് ഓഫറുകളോ വാഗ്ദാനം ചെയ്ത് മുൻകൂറായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ വ്യക്തമായ ലക്ഷണമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

അപരിചിത നമ്പറുകളിലേക്ക് വിളിക്കുകയോ വാട്സ്ആപ്പ് വഴി ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുത്. ഇത്തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ വൈകാതെ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യണമെന്നും പൊലീസ്​ പറഞ്ഞു.

നേരത്തേ, പ്രമുഖ പാൽ ഉത്പന്ന സ്ഥാപനങ്ങളുടെയും ബിസിനസ് ബ്രാൻഡുകളുടെയും പേരും ലോഗോയും ദുരുപയോഗം ചെയ്ത് വാട്സ്ആപ് വഴി വ്യാപകമായ സൈബർ സാമ്പത്തിക തട്ടിപ്പിന് ശ്രമം നടന്നിരുന്നു. വാട്സ്ആപ് വഴി ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഔദ്യോഗിക സൈറ്റ് എന്ന് തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുകയും തുടർന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകി 'സ്‌ക്രാച്ച് ആൻഡ് വിൻ' വഴി സമ്മാനം കിട്ടിയതായി വിശ്വസിപ്പിക്കുകയും ചെയ്യുകയാണ്.

വാട്സ്ആപ്പ്, എസ്.എം.എസ് എന്നിവ വഴി വരുന്ന ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് വരുന്ന സന്ദേശങ്ങൾ വിശ്വസിച്ച് ബാങ്ക് വിവരങ്ങൾ, ഒടിപി, എ.ടി.എം പിൻ എന്നിവ ആരുമായും പങ്കുവെക്കരുത്. സംശയാസ്പദമായ സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.