തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ വിവിധവകുപ്പുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്. ചെലവ് ചുരുക്കലിെൻറ ഭാഗമായാണ് ധനവകുപ്പിെൻറ ഉത്തരവ്. ആവശ്യമായ പഠനത്തിനുശേഷം മാത്രമേ പുതിയ തസ്തികകൾ സൃഷ്ടിക്കാവൂ എന്നാണ് നിർദേശിച്ചിരിക്കുന്നത്.
വകുപ്പിനുള്ളിൽ പുനർവിന്യാസത്തിലൂടെ ആവശ്യമായ ജീവനക്കാരെ കണ്ടെത്താൻ സാധിക്കുമെങ്കിൽ അതിന് ശ്രമിക്കണമെന്നും നിർദേശമുണ്ട്. ചെലവ് ചുരുക്കലിെൻറ ഭാഗമായി വാഹന, ഫോൺ ഉപയോഗങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഉത്തരവാണ് ധന പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി പുറപ്പെടുവിച്ചത്. വകുപ്പ് മേധാവികൾ, പൊലീസ്, നിയമനിർമാണ ഏജൻസികൾ, തദ്ദേശ ഭരണസ്ഥാപന അധ്യക്ഷന്മാർ, ഗ്രാൻറ്്-ഇൻ-എയ്ഡ് സ്ഥാപനങ്ങളുടെ മേധാവികൾ എന്നിവർക്കുമാത്രമേ സ്വന്തമായി വാഹനം വാങ്ങാൻ അനുവാദം ഉണ്ടാകൂ.
സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, ഗ്രാൻറ്്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ പുതിയതായി വാഹനം വാങ്ങുന്നതിന് പകരം മൂന്നരവർഷത്തേക്ക് വാഹനം വാടകക്കെടുക്കണം. ഡ്രൈവർ, ഇന്ധെച്ചലവ്, മെയിൻറനൻസ് ചെലവ് ഉൾപ്പെടെയാണ് വാടക നിശ്ചയിക്കേണ്ടത്. വാടകക്കെടുക്കുന്ന വാഹനത്തിെൻറ വില പരമാവധി 14 ലക്ഷംരൂപ ആയിരിക്കണം. എല്ലാ സർക്കാർ വകുപ്പുകളും അവർക്ക് കീഴിലെ െപാതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, ഗ്രാൻറ്്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ നിലവിലെ വാഹനങ്ങളെ സംബന്ധിച്ച ഇ-രജിസ്റ്ററുകൾ സൂക്ഷിക്കണം. വിശദമായ പഠനത്തിന്ശേഷം മാത്രമേ പുതിയ ഗ്രാൻറ്്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ അനുവദിക്കാവൂ.
ജീവനക്കാർ വിമാന യാത്രകൾ പരമാവധി കുറയ്ക്കണം. വിഡിയോ കോൺഫറൻസ് ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കിൽ അതിനായി ശ്രമിക്കണം. അനിവാര്യമായ സാഹചര്യത്തിൽ മാത്രമേ വിദേശയാത്രകൾ അനുവദിക്കാവൂ. വിദേശയാത്രക്കുള്ള ശിപാർശ നാലാഴ്ച മുമ്പ് സർക്കാറിെൻറ മുൻകൂർ അനുമതിക്ക് സമർപ്പിക്കണം. മുൻകൂർ അനുമതിയില്ലാതെ നടത്തുന്ന വിദേശയാത്രകൾക്ക് ഒരുകാരണവശാലും സാധൂകരണം നൽകില്ല. െമാബൈൽ ഫോൺ ചാർജ് നിരക്കിൽ വൻകുറവ് വന്ന സാഹചര്യത്തിൽ സർക്കാർ ചെലവിൽ ഫോൺ ഉപയോഗിക്കുന്ന മുഴുവൻ ജീവനക്കാരും ലാൻഡ് ലൈൻ കണക്ഷന് പകരം െമാബൈൽ ഫോൺ ഉപയോഗം വർധിപ്പിക്കണം. വകുപ്പ് തലവന്മാർക്ക് ഒൗദ്യോഗിക മൊബൈൽ ഫോൺ കണക്ഷൻ ചാർജായി ഇപ്പോൾ പ്രതിമാസം പരമാവധി അനുവദിക്കുന്ന 1500 രൂപ ആയിരം രൂപയാക്കി ചുരുക്കിയതായും ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.