ആലപ്പുഴ: വിമുക്തഭടനെയും ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് ഏഴാംവാർഡ് ശിവകൃപയിൽ ഗോപൻ (51), ഭാര്യാസഹോദരന്റെ മകൾ മഹാലക്ഷ്മി എന്നിവരെയാണ് ഞായറാഴ്ച രാത്രി 10.45 ഓടെ വേമ്പനാട്ടുകായലിൽ ചാരംപറമ്പ് ജെട്ടിക്കുസമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
ആര്യാട് പോത്തശ്ശേരി അനിൽകുമാറിന്റെയും അശ്വതിയുടെയും മകളാണ് മഹാലക്ഷ്മി. ഗോപന്റെയും അനിൽകുമാറിന്റെയും വീടുകൾ അടുത്തടുത്താണ്. വൈകുന്നേരം 6.30ഓടെ അനിൽകുമാറിന്റെ വീട്ടിലെത്തി ഗോപൻ മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കു പോയതാണ്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങി.
രാത്രി 10.45 ഓടെ ചാരംപറമ്പ് ജെട്ടിക്കുസമീപം മഹാലക്ഷ്മിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് സമീപത്തുനിന്ന് ഗോപന്റെ മൃതദേഹം കണ്ടെത്തിയത്. കാൽവഴുതി കായലിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗോപൻ വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. ആലപ്പുഴ നോർത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഗോപന്റെ ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അഭിരാമി, ആദർശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.