ഹോട്ടലിലെത്തിയത് യുവതിയുമായി സംസാരിക്കാനെന്ന് രാഹുൽ; പ്രതിഷേധം ഒഴിവാക്കാൻ തെളിവെടുപ്പിനെത്തിച്ചത് അതിരാവിലെ...

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎയെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെ 408-ാം നമ്പവർ മുറി രാഹുൽ തിരിച്ചറിഞ്ഞു. ഹോട്ടലിലെത്തിയത് യുവതിയുമായി സംസാരിക്കാനെന്നാണ് രാഹുൽ അന്വേഷണ സംഘത്തോട് പറഞ്ഞത്.

എന്നാൽ ബലാത്സംഗം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ മറുപടി നൽകിയില്ല. ഹോട്ടലിലെ രജിസ്റ്ററിൽ ‘രാഹുൽ ബി.ആർ’ എന്നാണ് പേര് നൽകിയത്. ഇത് നിർണായക തെളിവാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.

പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ഇന്ന് അതിരാവിലെയാണ് രാഹുലിനെ ഹോട്ടലിൽ എത്തിച്ചത്. 15 മിനിറ്റിൽ തെളിവെടുപ്പ് പൂർത്തിയാക്കി രാഹുലിനെ എ.ആർ ക്യാമ്പിൽ തിരികെ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കനത്ത പൊലീസ് സുരക്ഷയിൽ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് പുറത്തേക്കിറക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനുനേർക്ക് പ്രതിഷേധക്കാർ ചീമുട്ടയെറിഞ്ഞിരുന്നു. എം.എൽ.എ സ്ഥാനം രാജിവെക്കാതെ രാഹുലിനെ പുറത്തേക്കിറങ്ങാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് യുവജന സംഘനടകൾ. 

അതേസമയം, രാഹുലിനെ പാലക്കാട് എത്തിച്ച് തെളിവെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം. പാലക്കാട്ടെ കെ.പി.എം ഹോട്ടൽ മുറിയിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഒരു ഫോൺ ശാസ്ത്രീയ പരശോധനക്ക് അയക്കും. രാഹുൽ താമസിച്ചിരുന്ന 2002ാം നമ്പർ മുറിയിൽ ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധരന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പേഴ്സനൽ ഫോണുകളിലൊന്ന് കണ്ടെടുത്തത്. എന്നാൽ ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ തയാറായിട്ടില്ല.

രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവിനെതിരെ പരാതി

തന്നെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ വിഡിയോ ചെയ്ത കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ല പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ പരാതി നല്‍കി അതിജീവിത. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ മൂന്നാമത്തെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ ശ്രീനാദേവി കുഞ്ഞമ്മ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നെന്ന് അതിജീവിത പരാതിയിൽ പറയുന്നു. ശ്രീനാദേവിയുടെ ഫേസ്ബുക്ക് വിഡിയോ പിന്‍വലിക്കുകയും ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും വേണം. തന്നെ അധിക്ഷേപിച്ചതിനും സ്വത്വം വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ അന്വേഷണവും നിയമനടപടിയും വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 

Tags:    
News Summary - Evidence collection at hotel with rahul mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.