തൃശൂർ: ഇൻഫ്‌ളുവൻസർ ദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഭാര്യ ജിജി മരിയോക്ക് എതിരെ വെളിപ്പെടുത്തലുമായി ഭർത്താവ് മാരിയോ ജോസഫ്. യൂട്യൂബ് ചാനലിലൂടെയാണ് ഭാര്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മാരിയോ രംഗത്തെത്തിയിരിക്കുന്നത്.
"ജിജി നന്നായി മദ്യപിക്കും. ഈസ്റ്റർ ദിനത്തിൽ രാത്രി കത്തിയുമായി തന്നെ കുത്താൻ ഓടി വന്നു. ഒഴിഞ്ഞു മാറിയപ്പോൾ കൈക്കാണ് കുത്തേറ്റത്. പൊലീസിൽ പരാതി നൽകാൻ പോയപ്പോൾ നിങ്ങളുടെ പ്രസ്ഥാനം ഇപ്പോൾ വളർന്നുവരുന്ന ഒന്നാണെന്നും കേസ് ആയാൽ അതിനെ പ്രതികൂലമായി ബാധിക്കുമെന്നും അവർ പറഞ്ഞു. അതിനാൽ പരാതി നൽകിയില്ല."
"അതിന് ശേഷം വീട്ടിൽ കിടന്നുറങ്ങാൻ ഭയമായിരുന്നു. നിങ്ങളെ കൊന്നുകളഞ്ഞാലും മുസ്‌ലിം തീവ്രവാദികൾ കൊന്നതാണെന്നേ നാട്ടുകാർ പറയൂ...അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടുമെന്ന് ജിജി പല തവണ തന്നോട് പറഞ്ഞിട്ടുണ്ട്." മാരിയോ ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.
കുടുംബജീവിതം പ്രമേയമാക്കി നിരവധി മോട്ടിവേഷണൽ സ്പീച്ച് നടത്തുന്നവരാണ് മാരിയോയും ജിജിയും. മരിയോ തന്നെ മർദിച്ചെന്ന് ആരോപിച്ച് ജിജി കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. മർദിക്കുകയും വിലപിടിപ്പുള്ള ഫോൺ തല്ലിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് ജിജി ചാലക്കുടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സെറ്റ് ടോപ് ബോക്‌സ് ഉപയോഗിച്ച് തലക്കടിച്ചു, 70,000 രൂപയുടെ ഫോൺ തല്ലിപ്പൊട്ടിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്.
ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും കൂടി ഫിലോക്കാലിയ ഫൗണ്ടേഷൻ ഫാമിലി കൗൺസിലിങ് സെന്‍റർ നടത്തുന്നത്. ട്രസ്റ്റുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പരാതിക്ക് കാരണമെന്നാണ് മരിയോ ജോസഫ് വീഡിയോയിൽ പറയുന്നത്. നേരത്തെയും ജിജിയുമായി തർക്കമുണ്ടായിട്ടുണ്ട്. ജിജിയും ബന്ധുക്കളും ചേർന്ന് നേരത്തെ തന്നെ മർദിച്ചിരുന്നു. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും ജിജി മർദിച്ചിട്ടുണ്ടെന്നും മരിയോ ജോസഫ് പറഞ്ഞു.
ഒൻപത് മാസമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ 25നാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജിജി ഭർത്താവിനെ കാണാനെത്തിയത്. സംസാരിക്കുന്നതിനിടെ മാരിയോ ജോസഫ് ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇടതു കൈയിൽ കടിച്ചശേഷം മുടി പിടിച്ചു വലിച്ചു എന്നാണ് ജിജിയുടെ പരാതിയിലുള്ളത്.
ഫിലോക്കാലിയ ഫൗണ്ടേഷൻ എന്ന സംഘടനയുടെ നടത്തിപ്പുകാരാണ് ദമ്പതികൾ. ദാമ്പത്യ തകർച്ച നേരിടുന്ന നിരവധി പേർക്ക് ഇവർ കൗൺസിലിങ്ങും ധ്യാനവും നൽകി പ്രശസ്തി നേടിയിരുന്നു. യുവാക്കൾക്കും ദമ്പതികൾക്കും വേണ്ടി ധ്യാനങ്ങൾ നടത്തുന്നതിനോടൊപ്പം നിർധനർക്ക് വീട് വെച്ചു കൊടുക്കുക തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.