'ആദ്യ ഭാര്യയെ കേൾക്കാതെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാനാവില്ല'; വിവാഹം മുസ്‌ലിം വ്യക്തിനിയമ പ്രകാരം ആയാലും രജിസ്ട്രേഷന് പൊതുനിയമം ബാധകമെന്ന് ഹൈകോടതി

കൊച്ചി: മുസ്‌ലിം വ്യക്തിനിയമ പ്രകാരം വിവാഹിതരായാലും തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്ട്രേഷന് പൊതുനിയമം ബാധകമാണെന്ന് ഹൈകോടതി. ഒന്നാം ഭാര്യയുമായുള്ള ബന്ധം നിലനിൽക്കെ മറ്റൊരു സ്ത്രീയുമായി നടത്തിയ വിവാഹം രജിസ്റ്റർ ചെയ്യാൻ കണ്ണൂർ പയ്യന്നൂർ പഞ്ചായത്ത് സെക്രട്ടറി തയാറാവാത്തതിനെതിരെ മുസ്ലിം ദമ്പതികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്.

ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് സ്നേഹബന്ധത്തിലായിരുന്ന സ്ത്രീയെ വിവാഹം കഴിച്ചതെന്നാണ് ഹരജിക്കാരന്‍റെ വാദം. രണ്ടുപേർക്കും ആദ്യവിവാഹത്തിൽ രണ്ട് കുട്ടികൾ വീതമുണ്ട്. രണ്ടാംഭാര്യ ആദ്യ ഭർത്താവിൽനിന്ന് ബന്ധം വേർപ്പെടുത്തിയതാണ്. 2008ലെ കേരള രജിസ്ട്രേഷൻ ഓഫ് മാര്യേജസ് (കോമൺ) റൂൾസ് പ്രകാരം ആദ്യഭാര്യക്ക് നോട്ടീസ് നൽകി അവരെ കേൾക്കാതെ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയാണ് പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നിരസിച്ചത്. എന്നാൽ, മുസ്ലിം വ്യക്തിനിയമ പ്രകാരം മറ്റ് ഭാര്യമാർ ജീവിച്ചിരിക്കെ പുരുഷന് നാലുവരെ വിവാഹം കഴിക്കാമെന്നതിനാൽ രജിസ്ട്രേഷൻ തടഞ്ഞുവെക്കാനാവില്ലെന്ന വാദമാണ് ഹരജിക്കാർ ഉയർത്തിയത്.

മുസ്ലിം വ്യക്തിനിയമ പ്രകാരം രണ്ടാം വിവാഹത്തിന് തടസ്സമില്ല. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യേണ്ടത് കേരള രജിസ്ട്രേഷൻ ഓഫ് മാര്യേജസ് (കോമൺ) റൂൾസ് പ്രകാരമാണ്. അതുപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയെ കേൾക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ ഭരണഘടനാപരായ അവകാശത്തിനാണ് പ്രഥമ പരിഗണന. സ്വാഭാവിക നീതിയുടെകൂടി ഭാഗമാണിത്. പുറത്ത് പ്രകടിപ്പിക്കുന്നില്ലെങ്കിലും ഭർത്താവിന്‍റെ രണ്ടാംവിവാഹത്തിന് ഭൂരിപക്ഷം മുസ്ലിം സ്ത്രീകളും എതിരായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.

രണ്ടാം വിവാഹം നിയമപരമല്ലെന്ന് ആരോപിച്ച് ആദ്യഭാര്യ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനെ എതിർത്താൽ സിവിൽ കോടതി മുഖേന പരിഹാരം കാണാൻ നിർദേശിക്കാനല്ലാതെ രജിസ്ട്രേഷൻ നടത്തിക്കൊടുക്കാനാവില്ല. തുടർന്നാണ് ആദ്യ ഭാര്യയെക്കൂടി കേൾക്കാൻ നോട്ടീസ് അയക്കണമെന്നും തുടർനടപടി സ്വീകരിക്കണമെന്നും നിർദേശിച്ച് ഹരജി തള്ളിയത്.ലിംഗസമത്വം മാനുഷിക വിഷയമാണ്.

മുസ്ലിം വ്യക്തിനിയമ പ്രകാരം നാലുവരെ വിവാഹം കഴിക്കാമെങ്കിലും എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനായാൽ മാത്രമേ ഖുർആൻ ഇത് അനുവദിക്കുന്നുള്ളൂവെന്ന മുൻ കോടതി നിരീക്ഷണം സിംഗിൾ ബെഞ്ച് ആവർത്തിച്ചു. വിവാഹബന്ധം നിലനിൽക്കെ അതിനപ്പുറമുള്ള സ്നേഹബന്ധങ്ങൾ ഖുർആൻ അനുവദിക്കുന്നില്ല. വിവാഹബന്ധങ്ങളിൽ നീതിയും നന്മയും സുതാര്യതയും ഉണ്ടാകണമെന്ന തത്ത്വമാണ് ഖുർആനും പ്രവാചകചര്യയും മുന്നോട്ടുവെക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Even if the marriage is under Muslim Personal Law, the general law applies for registration - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.