ഉദ്ഘാടനം കഴിഞ്ഞിട്ടും ഉപയോഗിക്കാതെ അടച്ചിട്ട തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഷീ ടോയ്ലറ്റ്
തുവ്വൂർ: ഉപയോഗിക്കാനാവാതെ, മൂന്നരമാസം മുമ്പ് ഉദ്ഘാടനം ചെയ്ത സ്കൂളിലെ ഷീ ടോയ്ലറ്റ്. ഫ്ലഷ് ടാങ്കുകളില്ലാത്ത യൂറോപ്യൻ ക്ലോസറ്റുകൾ, അടച്ചിടാനാവാത്ത ഇരുമ്പ് വാതിലുകൾ, അകത്തെ മലിനജലം മുഴുവൻ പുറത്തേക്കൊഴുകുന്ന അശാസ്ത്രീയ നിർമാണം.
പിന്നെ എങ്ങനെ ടോയ്ലറ്റ് പെൺകുട്ടികൾക്കായി തുറന്നു കൊടുക്കും എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ രൂപത്തിൽ പണിത നാല് യൂനിറ്റുകളുള്ള ടോയ്ലറ്റ് സമുച്ചയമുള്ളത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് 2021-22 വർഷത്തെ പദ്ധതിയിൽനിന്ന് അനുവദിച്ച പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് ടോയ്ലറ്റ് നിർമിച്ചിരിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന് മുകളിലാണ് ടോയ്ലറ്റുള്ളത്.
ഇതിനൊക്കെ പുറമെ മഴവെള്ളം മുഴുവൻ ഇതിന്റെ വരാന്തയിൽ വീണ് അകത്തേക്കൊഴുകുകയും ചെയ്യുന്നു. ഒന്നര വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഏപ്രിൽ 13ന് പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. ലത്തീഫാണ് ഇത് സമർപ്പിച്ചത്.
എന്നാൽ, ഇതുവരെ ടോയ്ലറ്റ് പെൺകുട്ടികൾക്ക് തുറന്നുകൊടുത്തിട്ടില്ലെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു. ഫ്ലഷ് ടാങ്ക് വെക്കാനും അശാസ്ത്രീയ നിർമിതി ശരിയാക്കാനും കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയാണെന്നും ഇവർ പറയുന്നു. കരാറുകാരനെതിരെ വിജിലൻസിന് പരാതി നൽകാനൊരുങ്ങുകയാണ് ഒരു വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.