കമ്പനിയെ ഡീബാർ ചെയ്തതിന്റെ പേരിൽ ദേശീയപാത നിർമാണം അനന്തമായി നീളരുത് -ഇ.ടി. മുഹമ്മദ് ബഷീർ എം.പി

മലപ്പുറം: കൂരിയാട് ദേശീയപാത 66 തകർന്ന സംഭവത്തിൽ നിർമാണ കമ്പനിയെ ഡീബാർ ചെയ്തത് നിർമ്മാണം അനന്തമായി നീളാൻ ഇടയാക്കരു​തെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. റോഡ് തകർന്ന സംഭവത്തിൽ ഡി.പി.ആർ കൺസൾട്ടന്റ് കമ്പനിക്കും കോൺട്രാക്ട് ഏറ്റെടുത്ത കെ.എൻ.ആർ കൺസ്ട്രക്ഷൻ കമ്പനിക്കുമെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുകമ്പനികളെയും ഡീബാർ ചെയ്തതായി കേന്ദ്ര മന്ത്രിയുടെ ഓഫിസിൽ നിന്നും അറിയിച്ചത്. ഇതിന്റെ പേരിൽ ഇനി തുടർ നിർമ്മാണം അനന്തമായി നീണ്ടുപോകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. അതോടൊപ്പം പരാതികളുള്ള മറ്റു സ്ഥലങ്ങളിൽ കൃത്യമായ പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാത തകർച്ചയിൽ വിദഗ്ധ സമിതി പ്രാഥമിക വിവരങ്ങൾ നൽകിയതിന് പിന്നാലെയാണ് കെ.എൻ.ആർ കൺസ്ട്രക്ഷൻസിനെ ദേശീയപാത അതോറിറ്റി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ, തുടർ കരാറുകളിൽ ഇനി കമ്പനിക്ക് പങ്കെടുക്കാനാവില്ല. ദേശീയപാത നിർമാണത്തിന്‍റെ കൺസൾട്ടിങ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രണ്ട് കമ്പനികളിലെയും രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

മേയ് 19നാണ് മലപ്പുറം കൂരിയാട് വയലിൽ മണ്ണിട്ടുയർത്തി നിർമിച്ച ആറുവരിപ്പാതയും സർവിസ് റോഡും തകർന്നത്. അപകടത്തിൽ സർവിസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകൾ തകരുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വയൽ നികത്തി നിർമിച്ച സർവിസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ, ഏറെ ഉയരത്തിൽ നിർമിച്ച ദേശീയപാതയുടെ മതിലും സർവിസ് റോഡിലേക്ക് നിലംപൊത്തുകയായിരുന്നു. കോഴിക്കോട്‌ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു.

സംഭവത്തിന് പിന്നാലെ നിർമാണത്തിൽ അപാകതയുണ്ടെന്ന് വ്യാപക വിമർശനമുയർന്നിരുന്നു. രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധവുമായെത്തി. ഇതിന് പിന്നാലെ കേന്ദ്രത്തിന്‍റെ രണ്ടംഗ വിദഗ്ധ സമിതി കൂരിയാട് സന്ദർശിച്ചിരുന്നു.

Tags:    
News Summary - ET muhammad basheer about Centre debars KNR Constructions over NH-66 collapse in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.