കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന മേഖലാ അവലോകന യോഗവുമായി ബന്ധപ്പെട്ട് കൊച്ചി കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ജില്ലയിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികൾ എന്നിവ അവലോകനം ചെയ്തു.
അതി ദാരിദ്ര്യം, നവകേരള മിഷൻ - ലൈഫ്, ആർദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷൻ, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികൾ, മാലിന്യ മുക്ത കേരളം, ജില്ലയുമായി ബന്ധപ്പെട്ട ദേശീയ ജലപാത, പുനർഗേഹം പദ്ധതി, പൊതു വിദ്യാലയങ്ങൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ശിൽപ്പശാലയിൽ അവലോകനം ചെയ്തു.
ജില്ലയിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടൽ ആവശ്യമായ വിഷയങ്ങൾ കണ്ടെത്തി സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ഓരോ വകുപ്പുകളും തങ്ങളുടെ പദ്ധതി നിർവഹണത്തിന്റെ സ്ഥിതി സംബന്ധിച്ച് ശിൽപ്പശാലയിൽ അവതരണം നടത്തി. വിശദമായ റിപ്പോർട്ട് ഓരോ വകുപ്പ് മേധാവികളും ജൂലൈ അഞ്ചിന് മുൻപ് കലക്ടർക്ക് സമർപ്പിക്കണം.
ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കുവാനും സമയബന്ധിതമായ പദ്ധതി നിർവഹണം ഉറപ്പാക്കുവാനും ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായാണ് മേഖലാ അവലോകന യോഗം ചേരുന്നത്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ ജില്ലാ വികസന കമീഷണർ എം.എസ്.മാധവിക്കുട്ടി, ഫോർട്ടുകൊച്ചി സബ് കലക്ടർ പി. വിഷ്ണു രാജ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, മുവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി, കോതമംഗലം ഡി.എഫ്.ഒ വരുൺ ഡാലിയ, മലയാറ്റൂർ ഡി.എഫ്.ഒ രവികുമാർ മീണ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.