കൊച്ചി: മരണക്കെണിയായി എറണാകുളത്തെ റോഡുകൾ; അഞ്ച് വർഷത്തിനിടെ ജില്ലയിലെ നിരത്തുകളിൽ പൊലിഞ്ഞത് 2197 ജീവൻ. ജില്ല ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ജില്ലയിലാണ്. ഇത് ആകെ റോഡപകടങ്ങളുടെ 14.88 ശതമാനം വരും. ഇതിൽതന്നെ ഏറ്റവും ഉയർന്ന അപകട നിരക്ക് എറണാകുളം റൂറൽ ജില്ലയിലാണ്. ഇവിടെ അഞ്ചുവർഷത്തിനിടെ 17, 239 അപകടം ഉണ്ടായി. ഇതിൽ 1503 പേർ മരിക്കുകയും 20,578 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 7.30 ശതമാനമാണ് മരണനിരക്ക്. എറണാകുളം സിറ്റിയിൽ 10,351 അപകടങ്ങളിലായി 694പേർ മരിക്കുകയും 10,951 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 60,399 ഡ്രൈവർമാർക്കെതിരെയാണ് അപകട കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ 56,009 പുരുഷന്മാരും 4378 സ്ത്രീകളും അഞ്ച് ഭിന്നലിംഗക്കാരും ഉൾപ്പെടുന്നു.കൂടാതെ 18 വയസ്സിൽ താഴെയുള്ള 144 ആൺകുട്ടികളും ആറ് പെൺകുട്ടികളും ഇക്കാലയളവിൽ വാഹനാപകടമുണ്ടാക്കി.
18-35 പ്രായപരിധിയിലുള്ള 9937 പുരുഷൻമാരും 749 സ്ത്രീകളും 26-35 പ്രായ പരിധിയിലുള്ള 12,419 പുരുഷന്മാരും 1254 സ്ത്രീകളും മൂന്ന് ഭിന്നലിംഗക്കാരും ഇക്കൂട്ടത്തിൽപ്പെടുന്നു. 36-45 പ്രായപരിധിയിലുള്ള 10,909 പുരുഷന്മാരും1282 സ്ത്രീകളും ഒരു ഭിന്നലിംഗക്കാരിയും 46-60 പ്രായത്തിലുള്ള 10,701 പുരുഷന്മാരും 754 സ്ത്രീകളും ഒരു ഭിന്നലിംഗക്കാരിയും 60 വയസ്സിന് മുകളിലുള്ള 2974 പുരുഷന്മാരും 56 സ്ത്രീകളും വാഹനാപകടമുണ്ടാക്കിയതായി റിപ്പോർട്ട് പറയുന്നു.
ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെടുന്നവയിൽ ഭൂരിപക്ഷവും. ഇത് ആകെ അപകടനിരക്കിന്റെ 41 ശതമാനം വരും. ആകെ അപകടങ്ങളുടെ പകുതിയിലധികവും ഗ്രാമീണ-നഗര റോഡുകളിലാണ്. എന്നാൽ, ദേശീയപാതകളിൽ 23 ശതമാനവും സംസ്ഥാനപാതകളിൽ 20 ശതമാനവും അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ അപകടങ്ങളുടെ 60 ശതമാനത്തിലധികവും 18-45 പ്രായപരിധിയിലുള്ളവരാണ് ഇരയായതെന്നും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. അശ്രദ്ധമായ വാഹനമോടിക്കലാണ് ഭൂരിപക്ഷം അപകടങ്ങളുടെയും കാരണം. ഇതോടൊപ്പം തന്നെ മദ്യപിച്ചുള്ള വാഹനമോടിക്കൽ, റോഡുകളുടെ ശോച്യാവസ്ഥ, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയും അപകടങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.