‘പാനൂർ സ്‌ഫോടനത്തിൽ രാഷ്ട്രീയമില്ല’, നാദാപുരം ബോംബ്‌ സ്ഫോടനം ഓർമ്മിപ്പിച്ച് ഇ.പി. ജയരാജൻ

പാനൂർ സ്‌ഫോടനത്തിൽ രാഷ്ട്രീയമില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. പാനൂരിനടുത്ത്‌ കുന്നോത്ത്‌ പറമ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ രണ്ട്‌ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന അന്വേഷണ റിപ്പോർട്ടും പുറത്ത്‌ വന്നു. പക്ഷെ, മാധ്യമങ്ങൾ അത്‌ മുക്കിയത്‌ ആരെ സഹായിക്കാനാണ്‌. കൈവേലിക്കൽ കുഴിമ്പിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട്‌ ഒരു മാസം മുമ്പ്‌ രണ്ട്‌ സംഘങ്ങൾ തമ്മിൽ രണ്ട് മൂന്ന് തവണകളായി ഏറ്റുമുട്ടിയിരുന്നു. അതിൽ ഒരു സംഘം ബോംബ്‌ നിർമ്മിക്കുന്നതിനിടെയാണ്‌ സ്‌ഫോടനമുണ്ടായതും ഒരാൾ മരിക്കുകയും മൂന്ന്‌ പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തത്. ഇതിനെ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും സിപിഐ എമ്മിനും എൽഡിഎഫിനുമെതിരെ

രാഷ്‌ട്രീയായുധമാക്കുന്നതിനിടെയാണ്‌ അന്വേഷണ റിപ്പോർട്ട്‌ പുറത്ത്‌ വരുന്നതെന്ന് ഇ.പി. ജയരാജൻ ഫേസ് ബുക്കിൽ എഴുതി. 2011 ഫെബ്രുവരി 26 ന് രാത്രി നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയിൽ ബോംബ്‌ നിർമ്മിക്കുന്നതിന്നടയിൽ സ്ഫോടനത്തിൽ അഞ്ച്‌ ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു. റഫീഖ്, ഷെമീർ, റിയാസ്, ഷബീർ, സാബിർ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ട്‌ മുമ്പാണ്‌ നാദാപുരം പ്രദേശത്ത്‌ സംഘർഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാപകമായി ബോംബ്‌ നിർമ്മിച്ചത്‌. അതേ നാദാപുരം കൂടി ഉൾപ്പെടുന്ന വടകര ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയും യു.ഡി.എഫ്‌ നേതാക്കളും പ്രാദേശികമായി രണ്ട്‌ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായി ബോംബ്‌ സ്‌ഫോടനമുണ്ടായതിന്റെ പേരിൽ മുതലെടുപ്പ്‌ രാഷ്‌ട്രീയം നടത്തുന്നത്‌ പരിഹാസ്യമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

കുറിപ്പ് പൂർണരൂപത്തിൽ

2011 ഫെബ്രുവരി 26 ന് രാത്രി നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയിൽ ബോംബ്‌ നിർമ്മിക്കുന്നതിന്നടയിൽ സ്ഫോടനത്തിൽ അഞ്ച്‌ ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു. റഫീഖ്, ഷെമീർ, റിയാസ്, ഷബീർ, സാബിർ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ട്‌ മുമ്പാണ്‌ നാദാപുരം പ്രദേശത്ത്‌ സംഘർഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാപകമായി ബോംബ്‌ നിർമ്മിച്ചത്‌. അതേ നാദാപുരം കൂടി ഉൾപ്പെടുന്ന വടകര ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയും യു.ഡി.എഫ്‌ നേതാക്കളും പ്രാദേശികമായി രണ്ട്‌ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായി ബോംബ്‌ സ്‌ഫോടനമുണ്ടായതിന്റെ പേരിൽ മുതലെടുപ്പ്‌ രാഷ്‌ട്രീയം നടത്തുന്നത്‌ പരിഹാസ്യമാണ്‌.

പാനൂരിനടുത്ത്‌ കുന്നോത്ത്‌ പറമ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ രണ്ട്‌ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന അന്വേഷണ റിപ്പോർട്ടും പുറത്ത്‌ വന്നു. പക്ഷെ, മാധ്യമങ്ങൾ അത്‌ മുക്കിയത്‌ ആരെ സഹായിക്കാനാണ്‌. കൈവേലിക്കൽ കുഴിമ്പിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട്‌ ഒരു മാസം മുമ്പ്‌ രണ്ട്‌ സംഘങ്ങൾ തമ്മിൽ രണ്ട് മൂന്ന് തവണകളായി ഏറ്റുമുട്ടിയിരുന്നു. അതിൽ ഒരു സംഘം ബോംബ്‌ നിർമ്മിക്കുന്നതിനിടെയാണ്‌ സ്‌ഫോടനമുണ്ടായതും ഒരാൾ മരിക്കുകയും മൂന്ന്‌ പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തത്. ഇതിനെ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും സിപിഐ എമ്മിനും എൽഡിഎഫിനുമെതിരെ രാഷ്‌ട്രീയായുധമാക്കുന്നതിനിടെയാണ്‌ അന്വേഷണ റിപ്പോർട്ട്‌ പുറത്ത്‌ വരുന്നത്‌.

അടുങ്കുടി വയലിലായിരുന്നു ആദ്യ ഏറ്റുമുട്ടൽ. അന്ന്‌ കൈവേലിക്കൽ കുഴിമ്പിൽ സംഘം കുന്നോത്ത്‌ പറമ്പിൽ സംഘവുമായി ഏറ്റുമുട്ടി. ഇതിന്‌ തുടർച്ചയായി കുന്നോത്ത്‌ പറമ്പിൽ സംഘം കുഴിമ്പിൽ ക്ഷേത്ര പരിസരത്ത്‌ എത്തുകയും തിരിച്ചടിക്കുകയും ചെയ്‌തു. ക്ഷേത്രോൽസവം നടന്ന മാർച്ച്‌ 8ന്‌ അർധരാത്രിക്ക്‌ ശേഷം കുഴിമ്പിൽ സംഘം കുന്നോത്ത്‌പറമ്പിലെത്തി ബോംബെറിയുകയും ബൈക്കുകൾ തകർക്കുകയും ചെയ്‌തിരുന്നു. ഇതിന്‌ മറുപടി നൽകാൻ കുന്നോത്ത്‌ പറമ്പിൽ സംഘം ബോംബ്‌ നിർമ്മിക്കുകയായിരുന്നുവെന്ന്‌ സംഭവത്തിൽ പങ്കെടുത്ത പ്രതികൾ അന്വേഷണത്തിൽ മൊഴി നൽകി.

രണ്ട്‌ വിഭാഗങ്ങളും പരസ്‌പരം അക്രമിക്കാൻ ഇത്തരത്തിൽ ബോംബ്‌ നിർമ്മിച്ചതായും പൊലീസ്‌ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്‌. ഈ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്‌ മറ്റ്‌ രാഷ്‌ട്രീയ ബന്ധമില്ല എന്നും അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട സംഘത്തിൽ പെട്ട ഒരാൾ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗത്തെ അക്രമിച്ച കേസിൽ ഉൾപ്പെടെ പ്രതിയാണ്‌. സിപിഐ എം പ്രവർത്തകരുടെ വീട്‌ അക്രമിച്ച കേസിൽ പ്രതികളാണ്‌ രണ്ട്‌ പേർ. സ്‌ഫോടനത്തിന്‌ പിന്നിൽ രാഷ്‌ട്രീയമില്ലെന്ന്‌ ഇത്രയും പച്ചയായി വ്യക്തമായിട്ടും മാധ്യമങ്ങളും പ്രതിപക്ഷവും ബോംബ്‌ രാഷ്‌ട്രീയം തുടരുകയാണ്‌.

രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അത്യന്തം ദേശീയ പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പാണ്‌ നടക്കുന്നത്‌. ദേശീയമായി ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടുന്ന തെരഞ്ഞെടുപ്പ്‌. പക്ഷെ, ഇതൊന്നും പറയാൻ ത്രാണിയില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്ന യുഡിഎഫിനും ബിജെപിക്കും വീണ്‌ കിട്ടിയ ആയുധമാണ്‌ പാനൂരിലെ സ്‌ഫോടനം. അതേസമയം, കോൺഗ്രസും ലീഗും ബിജെപിയുമെല്ലാം രാഷ്‌ട്രീയ ആവശ്യത്തിന്‌ ബോംബ്‌ നിർമ്മിക്കുമ്പോൾ പൊട്ടിയ സംഭവങ്ങൾ ഏറെയാണ്‌.

നാദാപുരത്ത്‌ അഞ്ച്‌ പേർ കൊല്ലപ്പെട്ടത്‌ മാത്രമല്ല ഇത്‌. 2013ൽ പാന്നൂരിൽ ബോംബ്‌ നിർമ്മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ എട്ട്‌ പേർക്കാണ്‌ പരിക്കേറ്റത്‌. അതിൽ നാല്‌ പേരുടെ നില ഗുരുതരമായിരുന്നു. ഇവരിൽ പലരും ഇപ്പോഴും അംഗവൈകല്യത്തോടെയാണ്‌ കഴിയുന്നത്‌.ഒരാളുടെ കണ്ണ്‌ പോയി. മറ്റൊരാളുടെ കൈപ്പത്തികൾ തകർന്നു. മറ്റ്‌ രണ്ട്‌ പേർക്കും അംഗവൈകല്യം സംഭവിച്ചു. മൊകേരി വളള്യായിൽ വീട്ടിൽ നിന്നും ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകന്റെ രണ്ട്‌ കൈപ്പത്തികളും തകർന്നത്‌.

മുതലെടുപ്പിന്‌ ശ്രമിക്കുന്ന ആർഎസ്‌എസ്‌–-ബിജെപിയുടെ ചരിത്രവും പരിശോധിക്കണം. ചെറുവാഞ്ചേരിയിൽ നിർമ്മിച്ച ബോംബ്‌ മാറ്റുന്നതിനിടെയും തൊട്ടടുത്ത്‌ പൊയിലൂർരിൽ ബോംബ് നിർമ്മിക്കുന്നതിനിടെയും രണ്ട്‌ വീതം ആർഎസ്‌എസുകാരാണ്‌ കൊല്ലപ്പെട്ടത്‌.

പയ്യന്നൂരിനടുത്ത്‌ ആലക്കാട്‌ ബിജുവെന്ന ആർഎസ്‌എസ്‌ പ്രവർത്തകന്റെ കൈപ്പത്തി തകർന്നത്‌ 2022 ജനുവരി 30നാണ്‌. അന്ന്‌ രഹസ്യമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയാണ്‌ ആർഎസ്‌എസ്‌ നേതൃത്വം ചികിൽസിപ്പിച്ചത്‌. അതിന്‌ ശേഷം ഏതാനും മാസം മുമ്പ്‌ വീണ്ടും ബിജുവിന്റെ വീട്ടിൽ ബോംബ്‌ സ്‌ഫോടനമുണ്ടായി.

1994 ൽ ഇന്ത്യാ ടുഡെ പുറത്ത് വിട്ട വാർത്തയിൽ ഒരു ചിത്രം ഉണ്ടായിരുന്നു. അത് കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നും ബോംബ് നിർമിക്കുന്നതിൻ്റെ ചിത്രമായിരുന്നു. അന്ന് ഇന്നത്തെ കെപിസിസി പ്രസിഡൻ്റ് കേരളത്തിലെ മന്ത്രി കൂടിയായിരുന്നു. അന്ന് റിപ്പോർട്ടർ ചെന്നപ്പോൾ നാല് തരം ബോംബിനെ കുറിച്ചെല്ലാം കോൺഗ്രസുകാർ വാചാലരായി. ആലംകോട് സഹകരണ ബാങ്കിലെ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ അന്ന് കോൺഗ്രസുകാർ ബോംബെറിഞ്ഞു. അന്ന് സിഐക്ക് പരിക്കേറ്റു. അത്തരത്തിൽ അക്രമങ്ങൾക്കും ഭീകരപ്രവർത്തനങ്ങൾക്കും സംസ്ഥാനത്താകെയും പ്രത്യേകിച്ച് കണ്ണൂരിലും നേതൃത്വം നൽകിയവരാണ് കോൺഗ്രസുകാർ. അതിന്റെ മുൻപന്തിയിലുണ്ടായിരുന്ന ആളാണ് ഇന്നത്തെ കെപിസിസി അദ്ധ്യക്ഷൻ. അതൊന്നും ചരിത്രത്തിൽ നിന്നും മായുകയുമില്ല. ആരും മറക്കുകയുമില്ല. അത്തരക്കാർ ഇപ്പോൾ നടത്തുന്ന പ്രചരണവേലകൾ ജനം തിരിച്ചറിയും.

Tags:    
News Summary - EP Jayarajan says no politics in Panur bomb blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.