എന്‍ഡോസള്‍ഫാന്‍: മൊറട്ടോറിയം ഒരു വര്‍ഷത്തേക്കുകൂടി നീട്ടി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ റവന്യൂ റിക്കവറിക്കുമേലുള്ള മൊറട്ടോറിയം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിഷം കലര്‍ന്ന ആയുര്‍വേദ മരുന്ന് കഴിച്ച് മരിച്ച ഡോ. പി.എ. ബൈജുവിന്‍െറ രക്ഷാകര്‍ത്താക്കളുടെ പേരില്‍ അഞ്ചുലക്ഷം രൂപ ജോയന്‍റ് അക്കൗണ്ടില്‍ നിക്ഷേപിക്കും.

സാമ്പത്തിക വര്‍ഷം സംബന്ധിച്ച് നിലവിലെ രീതിതന്നെ തുടര്‍ന്നാല്‍ മതിയെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയെ അറിയിക്കാനും തീരുമാനിച്ചു. സാമ്പത്തിക വര്‍ഷം മാറ്റുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്‍െറ അഭിപ്രായം അറിയിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. സാമ്പത്തിക വര്‍ഷം ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാക്കാനായിരുന്നു കേന്ദ്ര നിര്‍ദേശം. ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷയായി മുന്‍ രാജ്യസഭാംഗം ഡോ. ടി.എന്‍. സീമയെ നിയമിച്ചു. ഡോ. ബ്രാന്‍ഡ്സ്റ്റന്‍ എസ്. കോറിയെ കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിച്ചു. എസ്.സി. ജോഷിയെ ഫോറസ്റ്റ് ഫോഴ്സ് മോധാവിയായി നിയമിച്ചു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
2017-18 അധ്യയന വര്‍ഷത്തില്‍ എറണാകുളം വൈപ്പിനില്‍ പുതിയ ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്  കോളജ് പ്രവര്‍ത്തനം ആരംഭിക്കും. നാടാര്‍ സമുദായത്തിന്‍െറ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമീഷന്‍െറ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി. കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജുകളില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രമായി 19 എല്‍.ഡി.സി തസ്തികകള്‍ സൃഷ്ടിക്കാന്‍ തിരുമാനിച്ചു.

കിഫ്ബിയില്‍ രണ്ട് സ്വതന്ത്ര അംഗങ്ങളെ നിയമിച്ചു. സെബി മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി. രാധാകൃഷ്ണന്‍ നായര്‍, ധനകാര്യ കമീഷന്‍ അംഗമായിരുന്ന സുദീപ്തോ മണ്ഡല്‍ എന്നിവരാണ് അംഗങ്ങള്‍. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ് ഡയറക്ടറായി ഡോ. സി. രാമചന്ദ്രനെ നിയമിച്ചു. എറണാകുളം ഗവ. നഴ്സിങ് കോളജില്‍ 12 അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 10 പുതിയ തെറപ്പിസ്റ്റ് തസ്തികകള്‍ സൃഷ്ടിച്ചു. സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്കായുള്ള 2017 കലണ്ടര്‍ വര്‍ഷത്തേക്കുള്ള പൊതുഅവധികള്‍ അംഗീകരിച്ചു.

 

Tags:    
News Summary - endosulphan: morotorium on revenue recovery extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.