സ​ർ​ക്കാ​ർ തി​രി​ച്ചു​പി​ടി​ച്ച് ഭൂ​ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച ഭൂ​മി​യി​ൽ വീ​ണ്ടും കൈ​യേ​റ്റം

അടിമാലി: കടുവാചോലയിൽ സർക്കാർ പിടിച്ചെടുത്ത് ഭൂബാങ്കിൽ നിക്ഷേപിച്ച 160 ഏക്കർ ഭൂമിയിൽ വീണ്ടും വൻകൈയേറ്റം. കെ.ഡി.എച്ച് വില്ലേജിലെ  ലക്ഷ്മി എസ്റ്റേറ്റിന് തെക്കുവശം 72, 74 സർവേ നമ്പറുകളുടെ ഭാഗത്തും പള്ളിവാസൽ വില്ലേജിൽ മുൻ സർവേ നമ്പർ 435​െൻറ ഭാഗമായ ബ്ലോക്ക് നമ്പർ  13ൽ സർവേ നമ്പർ 127ൽപെട്ട ഭൂമിയിൽ 80 ഏക്കറോളവുമാണ് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ കൈയേറിയത്. കൈയേറിയതിൽ 30 ഏക്കറോളം നീരുറവയുള്ള ചോലവനമാണ്. ഈ ഭാഗത്ത് കൈയേറ്റക്കാർ വൈദ്യുതി വേലിയടക്കം സ്ഥാപിച്ചത് വന്യജീവികളുടെ ആവാസവ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്.

ആനയും കാട്ടുപോത്തും ധാരാളമുള്ള ഇവിടെ മ്ലാവ്, കേഴ തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യവുമുണ്ട്. പള്ളിവാസൽ വില്ലേജിൽ സർവേ 27ൽെപട്ട ഭൂമി പള്ളിവാസൽ വൈദ്യുതി പദ്ധതിക്കായി വിട്ടുകൊടുത്തതാണ്. ഈ ഭൂമി വൈദ്യുതി വകുപ്പ് ജീവനക്കാർ കൈയേറി മറിച്ചു വിൽപന നടത്തിയിട്ടുണ്ട്. സൈലൻറ്വാലിയിൽ െഡയറി ഡെവലപ്മ​െൻറിനായി മാറ്റിയിട്ട ഭൂമിയിൽ 120 ഏക്കറോളം കൈയേറ്റക്കാരുടെ പിടിയിലാണ്. കുണ്ടളയിൽ ആദിവാസികൾക്ക് വിതരണം ചെയ്യാൻ തിരിച്ചിട്ട ഭൂമിയിൽ 10 കൈയേറ്റക്കാരുണ്ട്. പ്ലോട്ട് നമ്പർ 63ൽ ഒമ്പത് അനധികൃത പട്ടയങ്ങൾ ഉള്ളതായി റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. പട്ടയങ്ങൾ റദ്ദാക്കിയെങ്കിലും ഭൂമി തിരിച്ചുപിടിക്കാനായില്ല. പ്രമുഖ സിനിമ താരത്തിന് ഈ ഭൂമി വിറ്റതായും വിവരമുണ്ട്.

മൂന്നാർ സെവൻമല എസ്റ്റേറ്റിന് തെക്കും ലക്ഷ്മി എസ്റ്റേറ്റിന് വടക്കുമായി സർവേ നമ്പർ 68/9,68/10​െൻറ ഭാഗങ്ങളായ 53.19 ഏക്കർ സർക്കാർ ഭൂമിയിൽ പൂർണമായും സർക്കാറിനു നഷ്ടമായി. സി.പി.ഐ നേതാവി​െൻറ നേതൃത്വത്തിലുള്ള ഈ കൈയേറ്റം മുൻ കലക്ടർ രാജൻ കോബ്രഗഡെയുടെ നേതൃത്വത്തിൽ മൂന്നുതവണ ഒഴിപ്പിച്ച് തിരിച്ചു പിടിച്ചെങ്കിലും ഭൂമി സർക്കാർ നിയന്ത്രണത്തിലാക്കാനായില്ല. ഈ ഭൂമിയെല്ലാം വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരിച്ചു പിടിച്ച് ഭൂബാങ്കിൽ നിക്ഷേപിച്ചിരുന്നതാണ്. ഇവ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥർ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയിൽ കൈയേറ്റക്കാരെ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമാണ്.

പരുന്തുംപാറയിലും ഒഴിപ്പിച്ച സ്ഥലം കൈയേറി
പീരുമേട്: പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ കൈയേറ്റം ഒഴിപ്പിച്ച സർക്കാർ ഭൂമി വീണ്ടും കൈയേറി. കഴിഞ്ഞ വെള്ളിയാഴ്ച ആറേക്കർ സ്ഥലത്തെ കൈയേറ്റം ഒഴിപ്പിച്ച് ഇവിടെ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് തൂണുകൾ നീക്കിയിരുന്നു.

സർക്കാർ ഓഫിസുകൾക്ക് അവധി ദിവസമായിരുന്ന ശനി, ഞായർ ദിവസങ്ങളിലാണ് തൂണുകൾ പുനഃസ്ഥാപിച്ച് കൈയേറ്റം നടത്തിയത്. തൊഴിലാളികളെ ഉപയോഗിച്ച് തൂണുകൾ സ്ഥാപിച്ചിട്ടും കൈയേറ്റക്കാരനെ തിരിച്ചറിയാനായിട്ടില്ലെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. സർക്കാർ സ്ഥലം കൈയേറിയിട്ടും കൈയേറ്റക്കാരനെതിരെ പൊലീസ് നടപടികൾക്കും റവന്യൂ അധികൃതർ തയാറായിട്ടില്ല. ചില റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കൈയേറ്റമെന്ന് പരിസരവാസികൾ പറഞ്ഞു. കൈയേറ്റ സ്ഥലത്തിനു പട്ടയം സമ്പാദിക്കാൻ രഹസ്യനീക്കവും ആരംഭിച്ചു.

Tags:    
News Summary - encrochment of the land in land bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.